ആറാം മാസത്തില്‍ ജനിച്ച മോളേയും എടുത്ത് ഇറങ്ങിപ്പോന്നു, സെക്‌സിനോട് താല്‍പര്യമില്ല; ജീവിതം പറഞ്ഞ് ദേവു
കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കത്തില്‍ തന്നെ ജനശ്രദ്ധ നേടിയ താരമാണ് വൈബര്‍ ഗുഡ് ദേവു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് മനസ് തുറക്കുകയാണ് ദേവു. ബിഗ് ബോസ് നല്‍കിയ ടാസ്‌കിന്റെ ഭാഗമായാണ് ദേവു മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
താന്‍ ഒറ്റമകളാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി കണക്കില്‍ തോറ്റു. അവിടെ മുതല്‍ വീട്ടുകാരെല്ലാം കൂടി തന്നെ കുറ്റപ്പെടുത്തി. ആ സമയത്താണ് തനിക്ക് കോളേജില്‍ പഠിക്കുന്ന ഒരു ചേട്ടനോട് പ്രണയം തോന്നുന്നതെന്നും ദേവു പറയുന്നു. അയാളെ തന്നെയാണ് താന്‍ വിവാഹം കഴിച്ചതെന്നും താരം പറയുന്നുണ്ട്. പത്താം ക്ലാസ് എങ്ങനെയൊക്കെയോ പാസായി. പ്ലസ് ടു നന്നായി തന്നെ പാസ് ആയെന്നും താരം പറയുന്നു.
എന്നാല്‍ ഡിഗ്രി എത്തിയതോടെ പ്രണയം വീണ്ടും പൂത്തുലഞ്ഞു. ഒരു വിധത്തിലായിരുന്നു താന്‍ പാസായത്. പിന്നീടങ്ങോട്ട് തന്റെ ചിന്ത കല്യാണമായിരുന്നുവെന്നും ഒടുവില്‍ താന്‍ വിവാഹിതയായെന്നും താരം പറയുന്നു. എന്നാല്‍ ദേവു വിചാരിച്ചത് പോലൊരു വിവാഹ ജീവിതമായിരുന്നില്ല താരത്തെ കാത്തിരുന്നത്. വിവാഹ കഴിഞ്ഞ് ചെന്നത് മുതല്‍ താന്‍ അനുഭവിക്കുകയായിരുന്നുവെന്നാണ് ദേവു പറയുന്നത്.
എന്തെങ്കിലും ഒന്ന് ചെയ്യണമെങ്കില്‍ ആ വീട്ടിലെ എല്ലാവരുടേയും സമ്മതം വാങ്ങണമായിരുന്നുവെന്നാണ് ദേവു പറയുന്നത്. യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യവും തനിക്ക് ദാമ്പത്യ ജീവിതത്തില്‍ നിന്നും ലഭിച്ചിരുന്നില്ലെന്നാണ് ദേവു പറയുന്നത്. അങ്ങനെയിരിക്കെയാണ് ദേവു ഗര്‍ഭിണിയാകുന്നത്. എന്നാല്‍ ആറാം മാസത്തില്‍ പ്രീമെച്ച്വര്‍ഡ് ആയി മകള്‍ പിറക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് മുതല്‍ തനിക്ക് ദുരിതമാണെന്നാണ് ദേവു പറയുന്നത്.
മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ മദ്യപിച്ചെത്തിയതെന്നും തന്നോട് മോശമായി പെരുമാറിയെന്നും താരം പറയുന്നു. പ്രസവം കഴിഞ്ഞ്, സ്റ്റിച്ചിട്ട് കിടക്കുന്ന ഒരു സ്ത്രീയോട് പെരുമാറാന്‍ പാടില്ലാത്ത തരത്തില്‍ തന്നോട് പെരുമാറിയെന്നാണ് ദേവു പറയുന്നത്. ഇതോടെ ദേവു ആ വീട്ടില്‍ നിന്നും കുഞ്ഞിനേയും എടുത്തു സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു. എന്നാല്‍ സ്വന്തം വീട്ടിലുള്ളവര്‍ക്കും ആ തീരുമാനം ബുദ്ധിമുട്ടാക്കുന്നതായിരുന്നുവെന്ന് ദേവു പറയുന്നു.
ജോലി സ്ഥലത്തും തനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ദേവു പറയുന്നത്. ഭര്‍ത്താവില്ലാത്ത സ്ത്രീ ആയതിനാല്‍ ആര്‍ക്കും എന്തും ആകാം എന്നായിരുന്നു അവസ്ഥയെന്നാണ് താരം പറയുന്നത്. തന്റെ ബോസ് ഒരിക്കല്‍ തന്നോട് മുറിയിലേക്ക് വരാന്‍ പറഞ്ഞതിനെക്കുറിച്ചും ദേവു മനസ് തുറക്കുന്നുണ്ട്. താന്‍ സെക്‌സിനെ വെറുക്കുന്നുവെന്നും എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായത് എന്നു പോലും അറിയില്ലെന്നും താരം പറയുന്നുണ്ട്.
പ്രണയിക്കുന്ന പെണ്‍കുട്ടികളോടായി സാമ്പത്തിക ഭദ്രത വളരെ പ്രധാനപ്പെട്ടതാണെന്നാണ് ദേവു പറയുന്നത്. ഒപ്പം വിവാഹ മോചനം എന്നത് ഒന്നിന്റേയും അവസാനമല്ലെന്നും ദേവു പറയുന്നു. ജീവിതത്തില്‍ നോ പറയേണ്ടിടത്ത് നോ തന്നെ പറയണമെന്നും ദേവു പറയുന്നു. കയ്യടികളോടെയാണ് ദേവുവിന്റെ ജീവിത കഥയെ സഹ മത്സരാര്‍ത്ഥികള്‍ സ്വീകരിച്ചത്. താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു താരങ്ങള്‍.