മുന്നറിയിപ്പില്ലാതെ അര്‍ധരാത്രിക്ക് ട്രെയ്ലര്‍; നേരം വെളുത്തപ്പോള്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അര്‍ധരാത്രി ഒരു മണിയോടെ ഭീഷ്മ പര്‍വത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടത്. പലരും ട്രെയ്ലര്‍ വന്ന വിവരം വൈകിയാണ് അറിഞ്ഞത്. എന്നാല്‍ നേരം വെളുത്തതോടെ ഭീഷ്മ പര്‍വം ട്രെയ്ലര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണായിരിക്കുകയാണ്.
ഫെബ്രുവരി 11 ന് വന്ന ടീസര്‍ കണ്ട് മാസ് ഗ്യാങ്സ്റ്ററിന്റെ മാസ് ആക്ഷന്‍ പ്രതീക്ഷിച്ച് പോയവര്‍ക്ക് കിട്ടിയത് ദുരൂഹതകള്‍ നിറച്ച ട്രെയ്ലറാണ്. സിനിമ വെറുമൊരു ഇടിപ്പടമോ, ഗ്യാങ്ങ് വാറോ മാത്രമല്ല. കുടുംബ കഥയും വിവിധ തലമുറകളെ ബന്ധിപ്പിക്കുന്നതുമായ ഒരു ചിത്രമാണ് ഭീഷ്മ പര്‍വമെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്.
എന്തായാലും സോഷ്യല്‍ മീഡിയയിലെ ഹോട്ട് ഡിസ്‌കഷനായി മാറിയിരിക്കുകയാണ് ഭീഷ്മ പര്‍വം. ട്രെയ്ലറിനെ കീറിമുറിച്ച് പലവിധ ചര്‍ച്ചകളാണ് നടക്കുന്നത്.
മഹാഭാരതത്തിന്റെ കണക്ഷന്‍ മുതല്‍ മമ്മൂട്ടിയുടെ സൗണ്ട് മോഡുലേഷന്‍ വരെ ഡീറ്റെയ്ലിംഗിന് വിധേയമാക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം പ്രതീക്ഷിച്ചത് പോലെയുള്ള മാസും ത്രില്ലും ലഭിക്കാത്തതിന്റെ പരാതിയും ചിലര്‍ പങ്കുവെക്കുന്നു. എല്ലാ കഥാപാത്രങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള ട്രെയ്ലറില്‍ അന്തരിച്ച നടീനടന്മാരായ കെ.പി.എ.സി ലളിതയേയും നെടുമുടി വേണുവിനേയും ഒരു രംഗത്തില്‍ കാണിച്ചത് പ്രേക്ഷകര്‍ക്കും നോവായി. ആദ്യടീസറില്‍ നിന്നും തികച്ചും വ്യത്യസ്തമായി മാസ് എലമെന്റ്സ് കുറച്ച് കഥയുടെ ടോണിലേക്ക് പ്രേക്ഷകരെ കണക്ട് ചെയ്യിക്കുന്ന, എന്നാല്‍ ദുരൂഹതകള്‍ നിറഞ്ഞ ട്രെയ്ലറാണ് പുറത്ത് വന്നിരിക്കുന്നത്.
മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.
അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.