NationalNews

കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ 15 മാസമായി മോര്‍ച്ചറിയില്‍ അഴുകിയനിലയില്‍; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു:കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ ഒരുവർഷത്തിലേറെയായി മോർച്ചറിയിൽ. ബെംഗളൂരു രാജാജി നഗർ ഇ.എസ്.ഐ. ആശുപത്രിയിലാണ് സംഭവം. 2020 ജൂലായിൽ കോവിഡ് ബാധിച്ച് മരിച്ച ദുർഗ, മുനിരാജു എന്നിവരുടെ മൃതദേഹങ്ങളാണ് 15 മാസത്തിന് ശേഷം ആശുപത്രിയിലെ മോർച്ചറിയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങി ദുർഗന്ധം വമിക്കുന്നനിലയിലായിരുന്നു.

കഴിഞ്ഞവർഷം ജൂലായിലാണ് ദുർഗയെയും മുനിരാജുവിനെയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇരുവരും രോഗം മൂർച്ഛിച്ച് മരിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നില്ല. നഗരസഭയുടെ നേതൃത്വത്തിലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നത്. ഇതിനായി രണ്ടുപേരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഇതിനിടെ മരണസംഖ്യ ഉയർന്നതോടെ മൃതദേഹം സംസ്കരിക്കുന്നതിലും കാലതാമസമുണ്ടായി. ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിയതോടെ മോർച്ചറി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ദുർഗയുടെയും മുനിരാജുവിന്റെയും മൃതദേഹങ്ങൾ പഴയ മോർച്ചറി കെട്ടിടത്തിൽനിന്ന് മാറ്റാൻ മറന്നുപോവുകയായിരുന്നു.

കഴിഞ്ഞദിവസം പഴയ മോർച്ചറിയിൽനിന്ന് ദുർഗന്ധം വമിച്ചതോടെ ശുചീകരണ തൊഴിലാളി പരിശോധിച്ചപ്പോളാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഴുകിയ മൃതദേഹങ്ങൾ ദുർഗ, മുനിരാജു എന്നിവരുടേതാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.

സംഭവത്തിൽ രാജാജി നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുർഗയും മുനിരാജുവും വ്യത്യസ്ത കുടുംബങ്ങളിൽപ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്. ദുർഗ മരിച്ച് ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവർക്ക് മറ്റു ബന്ധുക്കളാരും ഇല്ലെന്നാണ് പ്രാഥമിക വിവരം. മുനിരാജുവിന്റെ ബന്ധുക്കളെ കണ്ടെത്താനും അന്വേഷണം പുരോഗമിക്കുകയാണ്.

ബന്ധുക്കളെ കണ്ടെത്തുകയാണെങ്കിൽ മൃതദേഹം അവർക്ക് വിട്ടുനൽകും. അല്ലെങ്കിൽ നഗരസഭയുടെ നേതൃത്വത്തിൽ സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker