KeralaNews

പത്രികാസമര്‍പ്പണത്തിന് മുമ്പ് പി.സരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌; കെ.കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദർശിച്ച് ഇടതുസ്ഥാനാര്‍ത്ഥി

തൃശൂര്‍: പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി കെ. കരുണാകരന്റെയും പത്‌നി കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ച് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സരിന്‍. മണ്ഡപത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി.

രാവിലെ എട്ടരയോടെയാണ് സ്മൃതിമണ്ഡപത്തില്‍ സന്ദര്‍ശനത്തിനായി സരിന്‍ എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുമുമ്പ് ചെയ്തുവരുന്ന കീഴ്‌വഴക്കമാണ് സരിന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ഉള്ളില്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ഇപ്പോഴുമുള്ളതിനാലാണ് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ വന്നതെന്ന് സരിന്‍ പറഞ്ഞു. ‘ഞാന്‍ ഒരുപാട് തവണ വന്ന ഇടമാണിത്. ആ ഇടത്തില്‍ ഒരിക്കല്‍ക്കൂടി വന്നു, കണ്ടു, പറയാനുള്ളത് പറഞ്ഞു. ഞാന്‍ ഇവിടെ എത്തുമ്പോള്‍ എന്റെ മനസ്സില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു.

രാഷ്ട്രീയമായി ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഒരു നിയോഗം പോലെ പാലക്കാട് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയായതുമൊക്കെ ലീഡര്‍ എന്നുപറയുന്ന, കോണ്‍ഗ്രസ്സുകാരനായ കേരളത്തിന്റെ രാഷ്ട്രീയാചാര്യന്‍ ജീവിച്ചിരുന്നുവെങ്കില്‍ എങ്ങനെയായിരിക്കും വിലയിരുത്തുക എന്നതായിരുന്നു ഞാന്‍ ആലോചിച്ച ഒരുകാര്യം. സ്വാഭാവികമായും കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ ഒരാള്‍, ഉള്ളില്‍ ഇപ്പോഴും കോണ്‍ഗ്രസ്സുകാരനുണ്ട് എന്ന് തുറന്ന് സമ്മതിക്കുന്നതിന്‌ ഒരു മടിയില്ലാത്ത ഒരാള്‍ക്ക് ലീഡറുടെയും പ്രിയപത്‌നി കല്യാണിക്കുട്ടിയമ്മയുടെയും അടുത്ത് എത്തുന്നതില്‍ യാതൊരു തടസ്സവുമില്ല എന്നാണ് എനിക്ക് ബോധ്യമായത്. ഇവിടെ സന്ദര്‍ശിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ഇവിടേക്ക്

വരുന്നതില്‍ നിന്ന് എന്നെയാരും തടഞ്ഞില്ല, വരരുത് എന്ന് പറഞ്ഞില്ല, കാരണം എന്റെയുള്ളിലെ കോണ്‍ഗ്രസ്സിന്റെ ബോധ്യം എത്രത്തോളം ശരിയായിരുന്നു എന്ന് തിരിച്ചറിയുന്നവര്‍ കോണ്‍ഗ്രസ്സിനകത്ത് ഇപ്പോഴുമുണ്ടാകാം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുകാരുടെ മാത്രമല്ല പ്രിയപ്പെട്ട ലീഡര്‍. ലീഡറുടെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കുന്നത് വലിയൊരു ഉത്തരവാദിത്തം കൂടിയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇന്ന് ഞാന്‍ നോമിനേഷന്‍ കൊടുക്കുകയാണ്. അതിനുമുന്നേ ഇവിടെ എത്തുക എന്നത് ഒരു ഉള്‍വിളി പോലെ സംഭവിച്ച കാര്യമാണ്. രാവിലെയാണ് അത് തീരുമാനിച്ചത്. അതിന് മാനസികമായിട്ടുള്ള എല്ലാ പിന്തുണയും ലഭിച്ചു.’ -സരിന്‍ പറഞ്ഞു.പാലക്കാട്ടെ രണ്ടുലക്ഷം വോട്ടര്‍മാരില്‍ ഓരോരുത്തരും തനിക്ക് വോട്ടുചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും സരിന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker