KeralaNews

രക്ഷിതാക്കളെ കടക്കെണിയിലാക്കി, ജീവനക്കാര്‍ക്ക് അമിത ജോലിഭാരം; ബൈജൂസ് ആപ്പിനെതിരെ ഗുരുതരാരോപണവുമായി ബി.ബി.സിയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പിനെതിരെ ഗുരുതരാരോപണം. രക്ഷിതാക്കളില്‍ നിന്നും മുന്‍ജീവനക്കാരില്‍ നിന്നും ആപ്പിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ബി.ബി.സി ശേഖരിച്ച വിവരങ്ങളിലാണ് കമ്പനിക്കെതിരെ ഗുരുതരാരോപണങ്ങള്‍ ഉള്ളത്. റീഫണ്ട്, സേവനം തുടങ്ങിയവയ്‌ക്കെതിരെ രക്ഷിതാക്കള്‍ക്കിടയില്‍ പരാതിയുണ്ട്. വാഗ്ദാനം ചെയ്ത സേവനങ്ങളും റീഫണ്ടും കമ്പനി നല്‍കുന്നില്ലെന്നാണ് പരാതി.

ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളാ ണ് ബൈജൂസ് ആപ്പിനുള്ളത്. 2011 ലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് തുടക്കം. ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ മകളുടെ പേരിലുള്ള ചാന്‍ സുക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവാണ് ഇതില്‍ കൂടുതല്‍ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനികളായ ടിഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവയും ഇതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

രക്ഷിതാക്കളെ നിരന്തരമായി ഫോണില്‍ വിളിക്കുന്നതാണ് കമ്പനിയുടെ വില്‍പന തന്ത്രങ്ങളിലൊന്ന്. എന്നാല്‍ റീഫണ്ടിനായി വിളിച്ചാല്‍ സെയില്‍സ് ഏജന്റ്റുമാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നും രക്ഷിതാക്കള്‍ ബി.ബി.സിയോട് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ ബൈജൂസ് നിഷേധിച്ചു. തങ്ങളുടെ ഉല്‍പന്നത്തിന്റെ മൂല്യം മനസിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്ത രക്ഷിതാക്കളും വിദ്യാര്‍ഥികളുമാണ് ഇത് വാങ്ങാന്‍ തയാറാകുന്നതെന്നാണ് കമ്പനിയുടെ വാദം.

കമ്പനി ഏല്‍പ്പിച്ച ടാര്‍ഗറ്റിലേക്കെത്താന്‍ വേണ്ടി ദിവസവും 12-മുതല്‍ 15 മണിക്കൂര്‍വരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുന്‍ ജീവനക്കാര്‍ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തില്‍ വീഴാന്‍ സാധ്യതയുള്ള ഉപഭോക്താവിനെ 120 മിനിറ്റില്‍ കൂടുതല്‍ ഫോണ്‍ സംസാരിക്കാന്‍ കഴിയാത്തവരെ ജോലിയില്‍ ഹാജരായില്ലെന്ന് രേഖപ്പെടുത്തുകയും അന്നേദിവസത്തെ ശമ്പളം നല്‍കില്ലെന്നും മുന്‍ ജീവനക്കാര്‍ ബി.ബി.സിയോട് വെളിപ്പെടുത്തി.

ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ പല ഉപഭോക്തൃ കോടതികളിലും കേസുകള്‍ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങള്‍ നല്‍കാത്തതും സംബന്ധിച്ച പരാതികളില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികള്‍ ഉത്തരവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker