Home-bannerKeralaNews

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (74) കാലം ചെയ്തു. ഇന്ന് പുലർച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഒന്നര വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്.

ഇന്ന് വൈകിട്ട് ഏഴ് മണിവരെ ഭൗതിക ശരീരം പരുമല പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. പരുമല പള്ളിയിൽ വിടവാങ്ങൽ പ്രാർത്ഥനയ്ക്ക് ശേഷം രാത്രി എട്ട് മണിയോടെ ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് കൊണ്ടുപോകും. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 13ന് നടത്തും. 13ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഭൗതികശരീരം പൊതുദർശനത്തിനുവെയ്ക്കും. തുടർന്ന് മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാസ്ഥാപനങ്ങൾക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിച്ചു.

പൗരസ്ത്യ ദേശത്തെ 91-ാം കാതോലിക്കായും 21-ാം മലങ്കര മെത്രാപ്പോലീത്തയുമായ മോർ പൗലോസ് ദ്വിതിയൻ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പരമാചാര്യൻമാരിൽ ഒരാളുമായിരുന്നു. തൃശ്ശൂർ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ. ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ആഗസ്ത് 30-നായിരുന്നു ജനനം. പോൾ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.

കോട്ടയത്തെ ഓർത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവ്വകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കി. തുടർന്ന് 1972-ൽ ശെമ്മാശ പട്ടവും 1973-ൽ കശീശ പട്ടവും സ്വീകരിച്ചു. 1982 ഡിസംബർ 28 ന് തിരുവല്ലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും 1985 മെയ് 15 ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. തുടർന്ന് പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായി സ്ഥാനമേറ്റു. 2006 ഒക്ടോബർ 12 ന് മാർ മിലിത്തിയോസിനെ നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. 2006 ഒക്ടോബർ 12ന് പരുമലയിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മാർ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.

സഭാ അദ്ധ്യക്ഷനായിരുന്ന മോർ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവ സ്ഥ്യാനമൊഴിഞ്ഞതിനെതുടർന്ന് 2010 നവംബർ 1-ന് പരുമല സെമിനാരിയിൽ നടന്ന ചടങ്ങിൽ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ എന്നപേരിൽ കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭാചരിത്രത്തിൽ പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്നു മോർ പൗലോസ് ദ്വിതിയൻ. സഭാ കേസിൽ ദീർഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങൾക്ക് അന്ത്യംകുറിച്ച് 2017 ജൂലൈ 3 ന് സുപ്രീം കോടതി നിർണായകമായ അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker