KeralaNews

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. നാളെത്തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും. മറുപടി കിട്ടിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍. അതിജീവിതയുടെ പരാതിയിലാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി.

കേസില്‍ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞിരുന്നു. പള്‍സര്‍ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്ന വാദവും വിജീഷ് ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചു.

ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചത്. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ നടപടികള്‍ വൈകുമെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കേസിലെ സാക്ഷിയായ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ് ചോദ്യം ചെയ്യല്‍.

അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യലിന് ശേഷമാകും കാവ്യാമാധവനെ ചോദ്യം ചെയ്യുക. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 15 ന് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടാനാണ് തീരുമാനം. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര് കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button