FeaturedHome-bannerInternationalNews

ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ളാദേശ്; രാജ്യം വിട്ടതിനുശേഷമുള്ള ആദ്യ കേസ്

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ളാദേശ്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്‌ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഹസീനയ്ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകി.

ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ കമൽ, മുൻ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ ചൗധരി അബ്‌ദുല്ല അൽ മാമൂൻ എന്നിവരുൾപ്പെടെ ആറുപേരാണ് കേസിലെ പ്രതികൾ. അബു സെയ്‌ദിന്റെ സുഹൃത്ത് അമീർ ഹംസ ഷട്ടീൽ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഹസീന രാജ്യം വിട്ടതിനുശേഷം അവർക്കെതിരെ ചുമത്തുന്ന ആദ്യത്തെ കേസാണിത്.

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് രാജിക്ക് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജ്യം വിട്ടത്. പിന്നാലെ നൊബേൽ പുരസ്‌കാര ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ളാദേശിൽ ഇടക്കാല സർക്കാർ ചുമതലയേറ്റിരുന്നു.

ഹസീന രാജ്യത്തേക്ക് അധികം വൈകാതെ തിരിച്ചെത്തുമെന്ന് മകൻ സജീബ് വസേദ് ജോയി പറഞ്ഞിരുന്നു. ‘ഇപ്പോൾ മാതാവ് ഇന്ത്യയിലാണുള്ളത്. ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നിമിഷം ബംഗ്ളാദേശിലേക്ക് തിരിച്ചെത്തും. എനിക്ക് ഉറപ്പുണ്ട്, അവാമി ലീഗ് തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിദ്ധ്യമാവുകയും ജയിക്കുകയും ചെയ്യുമെന്ന്. ആവശ്യമെങ്കിൽ രാഷ്ടീയത്തിലേക്ക് ഇറങ്ങാൻ മടിക്കില്ല’ എന്നാണ് സജീബ് വ്യക്തമാക്കിയത്. നിലവിൽ ന്യൂഡൽഹിയിലെ സുരക്ഷിതമായ അജ്ഞാത കേന്ദ്രത്തിലാണ് ഹസീനയും സഹോദരിയുമുള്ളത്.

സർക്കാർ ജോലിയിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങൾക്കേർപ്പെടുത്തിയ സംവരണം ബംഗ്ലാദേശിൽ വൻ ഭരണവിരുദ്ധ പ്രക്ഷോഭത്തിലേക്ക് വഴിമാറുകയായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണത്തിനെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. 1996 – 2001 കാലയളവിൽ പ്രധാനമന്ത്രി പദത്തിലെത്തിയ ഹസീന 2008, 2014, 2018, 2024 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയം നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker