ധാക്ക: ബംഗ്ലാദേശിനെതിരെ ആദ്യ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ധാക്ക ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്. മെഹ്ദി ഹസന്‍ മിറാസിന്റെ (100) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത. മഹ്മുദുള്ളയുടെ (77) ഇന്നിംഗ്‌സ് നിര്‍ണായകമായി. വാഷിംഗ്ടണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മോശം തുടക്കമായിരുന്നു ബംഗ്ലാദേശിന്. ഒരു ഘട്ടത്തില്‍ ആറിന് 69 എന്ന നിലയിലേക്ക് തകര്‍ന്ന് വീണിരുന്നു ബംഗ്ലാദേശ്. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ അനാമുള്‍ ഹഖിനെ (11) ബംഗ്ലാദേശിന് നഷ്ടമായി. ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിനും (7), നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്കും (21) തിളങ്ങാനായില്ല. ദാസിനെ സിറാജ് ബോള്‍ഡാക്കിയപ്പോള്‍ ഷാന്റോ ഉമ്രാന്റെ പന്തില്‍ മടങ്ങുകയായിരുന്നു.
തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ച ഷാക്കിബ് അല്‍ ഹസനും (8) നിരാശപ്പെടുത്തി. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച്. പരിചയ സമ്പന്നനായ മുഷ്ഫിഖുര്‍ റഹ്മാനും (12) വാഷിംഗ്ടണിന്റെ പന്തില്‍ പുറത്തായി. അഫീഫ് ഹുസൈനാവട്ടെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗള്‍ഡായി. വാഷിംഗ്ടണിനായിരുന്നു വിക്കറ്റ്. ഇതോടെ ബംഗ്ലാദേശ് ആറിന് 69 എന്ന നിലയിലായി.
പിന്നാലെയാണ് ബംഗ്ലാ കടുവകളെ രക്ഷിച്ച കൂട്ടുകെട്ട് പിറന്നത്. മഹ്മുദുള്ള- മെഹ്ദി സഖ്യം 148 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 96 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടെയാണ് മഹ്മുദുള്ള 77 റണ്‍സെടുത്തത്. മെഹ്ദിയാവട്ടെ കഴിഞ്ഞ മത്സരം നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി. 83 പന്തുകളില്‍ നാല് സിക്‌സിന്റേയു എട്ട് ഫോറിന്റേയും സഹായത്തോടെയാണ് താരം സെഞ്ചുറി നേടിയത്. 11 പന്തില്‍ പുറത്താവാതെ 18 റണ്‍സെടുത്ത നസും അഹമ്മദും നിര്‍ണായക സംഭാവന നല്‍കി.
നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഷഹബാസ് അഹമ്മദും കുല്‍ദീപ് സെനും പുറത്തായി. അക്‌സര്‍ പട്ടേലും ഉമ്രാന്‍ മാലിക്കുമാണ് ടീമിലെത്തിയത്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തി. പരിക്ക് കാരണം ഷാര്‍ദുല്‍ ഠാക്കൂര്‍ കളിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും, ടീമിലെത്തി. ഹസന്‍ മഹ്മൂദ് പുറത്തായി. നസും അഹമ്മദ് ടീമിലെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.