വീണ്ടും ഞെട്ടിച്ച് ബംഗ്ലാദേശ്, ഇംഗ്ലണ്ടിനെ രണ്ടാം മത്സരത്തിലും അട്ടിമറിച്ചു, ട്വൻ്റി 20 പരമ്പര
ധാക്ക: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തുടർച്ചയായ രണ്ടാം ട്വന്‍റി 20യിലും അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍ക്ക് 2-0ന് പരമ്പര. പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റിന്‍റെ ജയമാണ് ഷാക്കിബ് അല്‍ ഹസനും സംഘവും നേടിയത്. ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ടി20 ആറ് വിക്കറ്റിന് ബംഗ്ലാദേശ് വിജയിച്ചിരുന്നു. 14-ാം തിയതി ധാക്കയിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം. സ്കോർ: ഇംഗ്ലണ്ട്- 117 (20), ബംഗ്ലാദേശ്- 120/6 (18.5).
ധാക്കയില്‍ ടോസ് നേടിയിട്ടും ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യാനയച്ച ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍റെ തന്ത്രം വിജയിക്കുന്നതാണ് കണ്ടത്. മെഹിദി ഹസന്‍ മിറാസ് 12 റണ്ണിന് നാല് വിക്കറ്റുമായി കളംവാണപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിലെ അവസാന പന്തില്‍ 117ല്‍ എല്ലാവരും പുറത്തായി. തസ്കിന്‍ അഹമ്മദും മുസ്താഫിസൂറും ഷാക്കിബ് അല്‍ ഹസനും ഹസന്‍ മഹ്‍മൂദും ഓരോ വിക്കറ്റ് നേടി.
28 റണ്‍സെടുത്ത ബെന്‍ ഡക്കെറ്റ്, 25 നേടിയ ഫിലിപ് സാല്‍ട്ട്, 15 നേടിയ മൊയീന്‍ അലി, 12 സ്വന്തമാക്കിയ സാം കറന്‍, 11കാരന്‍ രെഹാന്‍ അഹമ്മദ് എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ഓപ്പണർ ഡേവിഡ് മലാന്‍ അഞ്ചിനും നായകന്‍ ജോസ് ബട്‍ലർ നാലിനും പുറത്തായി.
ഇംഗ്ലണ്ടിനെ 117ല്‍ എറിഞ്ഞൊതുക്കിയ ബംഗ്ലാദേശ് മറുപടി ബാറ്റിംഗില്‍ 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 9 റണ്‍സ് വീതമെടുത്ത ഓപ്പണർമാരായ ലിറ്റണ്‍ ദാസിനെ സാം കറനും റോണി തലൂക്ദറിനെ ജോഫ്ര ആർച്ചറും പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് ജയം തുടക്കത്തില്‍ പ്രതീക്ഷിച്ചതാണ്.
എന്നാല്‍ നജ്മുല്‍ സൊഹൈന്‍ ഷാന്‍റോ ഒരിക്കല്‍ കൂടി ഫോം തുടർന്നപ്പോള്‍ 17 റണ്‍സുമായി തൗഹിദി ഹ്രിദോയിയും 20 റണ്ണുമായി മെഹിദി ഹസന്‍ മിറാസും പിന്തുണ നല്‍കി. തൗഹിദിയെ രെഹാന്‍ അഹമ്മദും മെഹിദിയെ ആർച്ചറുമാണ് മടക്കിയത്. പിന്നാലെ റണ്‍ നേടും മുമ്പ് ഷാക്കിബ് അല്‍ ഹസനെ അലി പറഞ്ഞയച്ചു. എന്നാല്‍ ഫോമിലുള്ള ഷാന്‍റോയെ(46*) സാക്ഷിയാക്കി രണ്ട് ഫോറുകളോടെ ടസ്കിന്‍ അഹമ്മദ്(8*) ബംഗ്ലാദേശിനെ ജയിപ്പിച്ചു.