KeralaNews

ബാംഗ്ലൂർ- എറണാകുളം ഇന്റർസിറ്റി തിരുവനന്തപുരം നോർത്തിലേയ്ക്ക് (കൊച്ചുവേളി) ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ, കൊടിക്കുന്നിൽ സുരേഷ് എം പി, കേന്ദ്ര റെയിൽവേ മന്ത്രിയ്‌ക്ക് കത്തു നൽകി


കോട്ടയം:പഠന, തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കായി തെക്കൻ ജില്ലകളിൽ നിന്ന് നല്ലൊരു ശതമാനം ആളുകൾ ആശ്രയിക്കുന്ന കർണ്ണാടകയിലേയ്ക്ക് ആവശ്യത്തിന് ട്രെയിൻ ലഭ്യമല്ലെന്നത് പലപ്പോഴും വിവാദങ്ങളിൽ വരെ ഇടം പിടിക്കാറുണ്ട്. ഉത്സവ സീസണുകളിൽ സ്പെഷ്യൽ സർവീസുകൾ അനുവദിക്കുമെങ്കിലും മണിക്കൂറുകൾക്കകം വെയ്റ്റിംഗ് ലിസ്റ്റ് ആകുന്നതും യാത്രക്കാരുടെ ബാഹുല്യം ശരിവെയ്ക്കുന്നുണ്ട്. സ്വകാര്യ ബസ് ലോബികളുടെ ഇടപെടലാണ് എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് പോലും തടസ്സപ്പെടുത്തിയത് എന്നുള്ള പ്രസ്താവനകളും നിലനിൽക്കെയാണ് ട്രെയിൻ നമ്പർ 12677/78 ബാംഗ്ലൂർ – എറണാകുളം ഇന്റർസിറ്റി കൊച്ചുവേളിയിലേയ്ക്ക് നീട്ടണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്ത് വന്നിരിക്കുന്നത്.

ഇരട്ടപ്പാത പൂർത്തിയാകാത്തതാണ് ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് തിരുവനന്തപുരത്തേയ്ക്ക് നീട്ടുന്നതിന് തടസ്സമായി റെയിൽവേ ആദ്യം മുതൽ ഉന്നയിച്ചിരുന്നത്. സിംഗിൾ ലൈനിലെ ക്രോസ്സിംഗ് സമയനഷ്ടങ്ങൾ വലിയ പ്രതിസന്ധിയായിരുന്നു. മൈന്റൈനൻസും മടക്കയാത്രയും സർവീസിനെ സാരമായി ബാധിക്കുമെന്നതിനാൽ ജംഗ്ഷനിൽ അവസാനിക്കുന്ന സർവീസുകൾ തിരുവനന്തപുരത്തേയ്ക്ക് ദീർഘിപ്പിക്കുന്നതിന് ഇരട്ടപ്പാത പൂർത്തിയാകാത്തത് ഒരു വിലങ്ങുതടിയായിരുന്നു.നിലവിൽ കൊച്ചുവേളി ടെർമിനൽ പൂർണ്ണമായും പ്രവർത്തനക്ഷമമായതോടും കൂടി പ്രതിസന്ധികളെല്ലാം മാറിയിരിക്കുകയാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ റെയിൽവേ കൺസൽറ്റേട്ടീവ് കമ്മറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം പിയ്‌ക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

റെയിൽ യാത്രക്കാരുടെ പ്രശ്നങ്ങളിൽ സത്വര നടപടികൾ സ്വീകരിക്കുന്ന എം പി സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച നിലവിലെ സാങ്കേതിക തടസ്സങ്ങളെക്കുറിച്ച് റെയിൽവേ ഉന്നതാധികാരികളുമായി ചർച്ച ചെയ്തു. കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കും റെയിൽവേ ബോർഡ് ചെയർമാനും അതുപ്രകാരം കത്തു നൽകുകയും ചെയ്തു. സർവീസ് ദീർഘിപ്പിക്കാൻ ആവശ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികൾക്ക് അദ്ദേഹം ഉറപ്പ് നൽകി.

പുലർച്ചെ 04.45 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് ആരംഭിച്ച് 05.35 ന് കൊല്ലം, 07.40 ന് കോട്ടയവും 09.10 ന് എറണാകുളം ടൗൺ സ്റ്റേഷനിലുമെത്തുന്ന വിധം നിലവിലെ സമയക്രമത്തെ ബാധിക്കാതെയാണ് ദീർഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വേണാടിന് പിറകെ ബാംഗ്ലൂർ ഇന്റർസിറ്റി കൂടി എറണാകുളം ജംഗ്ഷനിൽ നിന്ന് ഒഴിവാകുന്നതോടെ രാവിലെയും വൈകുന്നേരവും ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും ഔട്ടറിൽ പിടിച്ചിടുന്നതിനും പരിഹാരമാകുന്നതാണ്. ഒപ്പം എറണാകുളം ജംഗ്ഷനിൽ നിന്ന് പകൽ സമയങ്ങളിൽ കൂടുതൽ പ്രീമിയം ട്രെയിനുകൾക്കും സാധ്യതകൾ തെളിയുന്നതാണ്.

വൈകുന്നേരം 04.40 ന് എറണാകുളം ടൗണിൽ നിന്ന് കോട്ടയത്തേയ്‌ക്ക് ഒരു സർവീസ് കൂടി ലഭിക്കുമ്പോൾ ഇരുദിശയിലേയ്ക്കും വേണാട് എക്സ്പ്രസ്സിലെ തിരക്കിന് ശാശ്വത പരിഹാരമാകുന്നതാണ്. 05.50 ന് കോട്ടയവും 07.40 ന് കൊല്ലവും 09.15 ന് കൊച്ചുവേളി / തിരുവനന്തപുരം നോർത്തിലും എത്തിച്ചേരാൻ സാധിക്കുന്നതിലൂടെ മൈന്റനനസിന് ആവശ്യമായ സമയവും ലഭിക്കുന്നതാണ്. ശബരിമല സീസണുകളിൽ തമിഴ്നാട്ടിലെയും കർണ്ണാടകയിലെയും അയ്യപ്പഭക്തൻമാർക്ക് കൂടി ഈ സർവീസ് ഏറെ പ്രയോജനപ്പെടുന്നതാണ്.

വേഗതയിലും കൃത്യതയിലും കണിശത പാലിക്കുന്ന 12677/78 എറണാകുളം – ബാംഗ്ലൂർ – എറണാകുളം ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് ഡിവിഷനിലെ ജനകീയ സർവീസുകളിൽ ഒന്നാണ്. തിരുവനന്തപുരം നോർത്തിലേയ്ക്ക് എത്തുന്നതോടെ ഈ ട്രെയിന്റെ സ്വീകാര്യത പതിന്മടങ് വർദ്ധിക്കുമെന്നും വിലയിരുത്തുന്നു. അടുത്ത മാസം എൽ എച്ച് ബി യിലേക്ക് ഇന്റർസിറ്റിയുടെ കോച്ചുകൾ അപ്ഗ്രെഡ് ചെയ്യുമെന്ന് റെയിൽവേ നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നു. ജനുവരിയിൽ വേഗത വർദ്ധനവിന്റെ ഭാഗമായി സമയമാറ്റം കൂടി നടപ്പിലാക്കുന്നതോടെ കോട്ടയം വഴിയുള്ള ട്രെയിനുകളുടെ സമയത്തിലും സാരമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker