KeralaNews

ബാലഭാസ്കറിന്റെ വസ്തുക്കൾ കൊണ്ടുപോയ ആ സ്ത്രീ ആര്;രാവിലെ 7.14 നെത്തിയ ആ ഫോണ്‍ കോള്‍ ആരുടേത്‌?

തിരുവനന്തപുരം∙  വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസ് മുതല്‍ സി.ബി.ഐ വരെ അന്വേഷണം നടത്തിയെങ്കിലും കേസിൽ നിർണായകമായ പല കണ്ടെത്തലും നടത്തിയത് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ആണ്. സ്വർണക്കടത്തുകാരുമായി വയലിനിസ്റ്റ് ബാലഭാസ്കറിന് ബന്ധമില്ലെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു.

ബാലഭാസ്കറിന്റെ ഫോൺ രേഖകൾ സിഡാക്കിൽ പരിശോധിച്ചശേഷമാണ് ഡിആർഐ ഈ നിഗമനത്തിലെത്തിയത്. ബാലഭാസ്കറിന്റെ രണ്ടു ഫോണുകൾ സുഹൃത്തായ പ്രകാശ് തമ്പിയുടെ വീട്ടിലെ പൂജാ മുറിയിൽനിന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഡിആർഐക്ക് ഇതിലൂടെ സൂചന ലഭിച്ചു. 

ബാലഭാസ്കറിന്റെ ഒപ്പമുണ്ടായിരുന്നവർക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി സജീവ ബന്ധമുണ്ടായിരുന്നതിന്റെ തെളിവും ലഭിച്ചു. ഫോണ്‍‌ രേഖകളും കണ്ടെത്തലുകളുടെ വിശദാംശവും സിബിഐക്ക് ഡിആർഐ കൈമാറി. ചില ഫോൺ സംഭാഷണങ്ങളിലെ ദുരൂഹതയും ചൂണ്ടിക്കാട്ടി. എന്നാൽ, പല മേഖലകളിലും സിബിഐ അന്വേഷണം നടത്തിയില്ലെന്നാണ് ഹൈക്കോടതിയുടെ പുനരന്വേഷണ ഉത്തരവിൽ വ്യക്തമാക്കുന്നത്. സാമ്പത്തിക വശത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിയില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു.

വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസാണ് ഡിആർഐ അന്വേഷിച്ചത്. ബാലഭാസ്കറിന്റെ കാർ പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ട 2018 സെപ്റ്റംബർ 25ന് പുലർച്ചെ സ്ഥലത്ത് ഉണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്ത് സംഘത്തിലുള്ളവരാണോ എന്ന് സംശയിക്കുന്നതായി അതുവഴി വാഹനത്തിൽപോയ കലാഭവൻ സോബി ഡിആർഐയെ അറിയിച്ചിരുന്നു.

സോബിയുടെ മൊഴിയെടുത്ത ഡിആർഐ, സ്വർണക്കടത്ത് സംഘത്തിൽപ്പെട്ട ചിലരുടെ ഫോട്ടോ തിരിച്ചറിയാനായി കാണിച്ചു. റൂബെൻ തോമസെന്ന കടത്തുകാരന്റെ ഫോട്ടോ സോബി തിരിച്ചറിഞ്ഞു. ഡിആർഐ നോട്ടിസ് നൽകിയെങ്കിലും ഇയാൾ ഹാജരായില്ല. ഇയാളുടെ ടവർ ലൊക്കേഷന്‍ അപകടം നടന്ന സ്ഥലത്തായിരുന്നില്ല എന്ന കാരണത്താൽ സിബിഐ കൂടുതൽ അന്വേഷണം നടത്തിയില്ല. ഡിആർഐയുടെ കേസുമായി ബന്ധമില്ലാത്തതിനാൽ അവർക്കും അന്വേഷിക്കാനായില്ല.

അപകടം നടന്ന ദിവസം ബാലഭാസ്കർ ജൂസ് കുടിച്ച കൊല്ലത്തെ കടയിലെത്തിയ സ്വർണക്കടത്തു കേസിലെ പ്രതിയും ബാലഭാസ്കറിന്റെ സുഹൃത്തുമായ പ്രകാശ് തമ്പിയും ഒരു ടെക്നീഷ്യനും സിസിടിവി പരിശോധിച്ചിരുന്നു. അപകടം നടന്ന ദിവസം ഒരു സ്ത്രീയും മറ്റൊരാളുമെത്തി അപകട സ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച ബാലഭാസ്കറിന്റെ വസ്തുക്കൾ കൊണ്ടുപോയി. ഡിആർഐ ബാലഭാസ്കറിന്റെ മൊബൈല്‍ രേഖകൾ പരിശോധിച്ചപ്പോൾ, അപകടം നടന്ന ദിവസം രാവിലെ 7.14ന്  ‌മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആ ഫോണിലേക്ക് ഒരു കോൾ വന്നതായി കണ്ടെത്തി.

അടുത്ത കോൾ 7.35നായിരുന്നു. ആ സമയം ഫോണിന്റെ ലൊക്കേഷൻ പേട്ട ജംക്‌ഷനിലായിരുന്നു. 7.35ന് മുൻപ് ഫോൺ മംഗലപുരം സ്റ്റേഷനിൽനിന്ന് പുറത്തെത്തിയതായി തെളിഞ്ഞു. 6.55 മുതൽ 7.25വരെ പ്രകാശ് തമ്പിയുടെ ലൊക്കേഷൻ അപകടം നടന്നതിന് അടുത്ത് മംഗലാപുരത്തിനും കഴക്കൂട്ടത്തിനും ഇടയിലായിരുന്നു. ബാലഭാസ്കറിന്റെ ഫോൺ ഭാര്യയ്ക്ക് കൈമാറാൻ പ്രകാശ് തമ്പി തയാറായില്ല. ബാലഭാസ്കറിന്റെ ഫോൺ രേഖകളിൽ ചില സംശയങ്ങളുള്ളതായി ഡിആർഐ സിബിഐയെ അറിയിച്ചെങ്കിലും കൂടുതൽ അന്വേഷണം നടന്നില്ല. 

സോബി ജോർജ്, പ്രകാശ് തമ്പി, വാഹനം ഓടിച്ച അർജുൻ, വിഷ്ണു എന്നിവരുടെ നുണപരിശോധന സിബിഐ നടത്തി. പരസ്പരവിരുദ്ധമായ മൊഴികളെ സംബന്ധിച്ച് സിബിഐ അന്വേഷിച്ചില്ല. വിഷ്ണു പറഞ്ഞ കാര്യങ്ങളെല്ലാം മുഖവിലയ്ക്കെടുത്തു. സോബി ജോർജിനും നുണ പരിശോധന നടത്തിയെങ്കിലും അയാളെ വിശ്വാസത്തിലെടുക്കാൻ സിബിഐ തയാറായില്ല. ഇതെല്ലാം പരിഗണിച്ചാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡിആർഐയുടെ കണ്ടെത്തലുകൾ സിബിഐയ്ക്ക് പരിഗണിക്കേണ്ടിവരും. അന്വേഷിക്കാതെ വിട്ടുപോയ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അന്വഷണം നടത്തേണ്ടതായും വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker