
ബെംഗളൂരു: പതിനഞ്ചുലക്ഷം രൂപയുടെ വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചതില്‍ പ്രകോപിതരായി ബാങ്ക് കൊള്ളയടിച്ച ബേക്കറിയുടമയും സംഘവും പിടിയില്‍. എസ്ബിഐ ദാവണഗെരെ ന്യാമതി ശാഖയില്‍ കവര്‍ച്ച നടത്തിയവരെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്.
തമിഴ്നാട് സ്വദേശികളായ വിജയ് കുമാര്‍, അജയ് കുമാര്‍, പരമാനന്ദ്, ദാവണഗെരെ സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, ചന്ദ്രു എന്നിവരാണ് അറസ്റ്റിലായത്. വിജയ് കുമാറും അജയ് കുമാറും സഹോദരങ്ങളാണ്. 17.7 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്.
ഉസലംപട്ടിയില്‍ 30 അടി താഴ്ചയുള്ള കിണറില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു 15 കിലോഗ്രാം. ബാക്കി ചില ജൂവലറികളില്‍നിന്ന് പിടിച്ചെടുത്തു. 13 കോടി രൂപ മൂല്യം വരും. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് സ്ട്രോങ് റൂം തകര്‍ത്ത് സ്വര്‍ണമടങ്ങിയ ലോക്കര്‍ ഒക്ടോബര്‍ 26-ന് കവര്‍ന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വിജയ് കുമാറും അജയ് കുമാറും ന്യാമതിയില്‍ ബേക്കറിക്കച്ചവടം നടത്തുകയാണ്. 2023-ല്‍ വിജയകുമാര്‍ ബാങ്കില്‍നിന്ന് 15 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിരസിച്ചു. തുടര്‍ന്ന്, ഒരു ബന്ധുവിന്റെ പേരില്‍ അപേക്ഷ നല്‍കിയെങ്കിലും അതും നിരസിച്ചു.
പിന്നീട് വിജയകുമാറാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ചില ടിവി സീരീസുകളും യുട്യൂബ് ചാനലുകളും കണ്ട് ബാങ്ക് കൊള്ളയെപ്പറ്റി ആറുമാസത്തോളം പഠിച്ചശേഷമായിരുന്നു കവര്‍ച്ചയ്ക്കിറങ്ങിയത്. അന്തസ്സംസ്ഥാന സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് ആദ്യം കരുതിയത്.