മനാമ:പുതിയ കൊവിഡ് വകഭേദം(new Covid 19 variant) കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍(Bahrain) യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ലിസോത്തോ( Lesotho), ബോട്‌സ്വാന(Botswana), ഈസ്വാതിനി(Eswatini), സിബാംവെ(Zimbabwe) എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍(Red list) ഉള്‍പ്പെട്ടിട്ടുള്ളത്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അധികൃതര്‍ അറിയിച്ചു. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും ബഹ്‌റൈനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. എന്നാല്‍ ബഹ്‌റൈന്‍ പൗരന്മാര്‍, താമസക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കി. പ്രവേശന വിലക്കില്ലാത്ത ആളുകള്‍ രാജ്യത്തെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ക്വാറന്റീനില്‍ കഴിയുകയും വേണം. റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന യാത്രാ നടപടിക്രമങ്ങള്‍ തുടരും.
ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രവേശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാം. പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗദി അറേബ്യയും യുഎഇയും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി. ഒമിക്രോണിന്റെ വരവേടെ ലോകമെന്പാടുമുള്ള ഓഹരി വിപണികളിലും വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.