NationalNews

മദ്യ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; സമന്‍സിന് സ്റ്റേ ഇല്ല, നാളെ കോടതിയില്‍ ഹാജരാകണം

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യഅഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യഅഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹര്‍ജി സെഷൻസ് കോടതി തള്ളി.  കേസില്‍ നാളെ മജിസ്ട്രേറ്റ് കോടതിയില്‍ കെജ്രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞമാസം കോടതി സമയം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് പതിനാറിന് നേരിട്ടെത്തണമെന്ന് ദില്ലി റൗസ് അവന്യൂ കോടതി കഴിഞ്ഞമാസം നിര്‍ദേശിച്ചിരുന്നത്. മദ്യനയക്കേസിൽ ചോദ്യം ചെയ്യാൻ അഞ്ച് നോട്ടീസുകൾ ഇഡി നൽകിയിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. തുടർന്ന് ഇഡി നൽകിയ അപേക്ഷയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഓൺലൈനായിട്ടാണ് കെജ്രിവാൾ റൗസ് അവന്യു കോടതിയിൽ ഹാജരായത്.

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നേരിട്ട് ഹാജരാകുന്നതിൽ തടസമുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. സമയം നീട്ടി നൽകണമെന്ന കെജരിവാളിന്റെ അപേക്ഷ പരിഗണിച്ച കോടതി അടുത്ത മാസം പതിനാറിലേക്ക് വാദം മാറ്റുകയായിരുന്നു.

ഇതിനിടയിലാണ് ഇഡി സമന്‍സ് തള്ളണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അപേക്ഷ തള്ളിയതോടെ ഡല്‍ഹി റൗസ് അവന്യൂ കോടതി നേരത്തെ നിര്‍ദേശിച്ചത് പ്രകാരം നാളെ കോടതിയില്‍ ഹാജരാകണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button