KeralaNews

ബാബുവിനെ കൈപിടിച്ച് കയറ്റിയതിന് പിന്നില്‍ കോട്ടയംകാരന്റെ കരങ്ങളും; ദൈവദൂതനായി ലഫനന്റ് കേണല്‍ ഹേമന്ത് രാജ്!

പാലക്കാട്: ചെങ്കുത്തായ മലയിടുക്കിലെ പാറക്കെട്ടില്‍ കുടുങ്ങിയ 23 കാരനായ മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബുവിനെ രണ്ട് ദിവസത്തെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് കരസേനാ സംഘം അതിസാഹസികമായ രക്ഷപ്പെടുത്തിയത്. കയറുകെട്ടിയാണ് ദൗത്യസംഘത്തിലെ സൈനികന്‍ ബാബുവിന് അടുത്തെത്തിയത്. ശേഷം റോപ്പ് ഉപയോഗിച്ച് സൈനികന്‍ ബാബുവിനെ മുകളിലേക്ക് ഉയര്‍ത്തി മലമുകളില്‍ എത്തിക്കുകയായിരുന്നു.

സിനിമയെ വെല്ലും സാഹസികതയാണ് ഇന്ത്യന്‍ സൈന്യം പുറത്തെടുത്തത്. ഈ വിജയത്തിന് പിന്നിലും മലയാളി കരങ്ങളുണ്ട്. കരസേനയിലെ മലയാളിയായ ലഫനന്റ് കേണല്‍ ഹേമന്ത് രാജും കൂട്ടരുമാണ് ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ ഏറ്റുമാനൂരുകാരും ഏറെ അഭിമാനിക്കുകയാണ്. ഹേമന്ദ് രാജിന് തന്നെയാണ് ബാബുവുമായി സംസാരിക്കാനുള്ള ദൗത്യം വന്നുചേര്‍ന്നത്. ‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട, എനര്‍ജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ബാബു രാത്രി ഉറങ്ങുകയോ, കാലാവസ്ഥയില്‍ ചെറിയ വ്യതിയാനങ്ങളോ, ചാറ്റല്‍ മഴയോ ഉണ്ടായാല്‍ രക്ഷ ദൗത്യം സങ്കീര്‍ണ്ണമാകുമായിരുന്നു. അതിനാല്‍ മുഴുവന്‍ സമയവും ബാബുവിനെ ഉണര്‍ത്തി നിര്‍ത്തുകയും വേണം. പക്ഷേ ശബ്ദമുണ്ടാക്കാന്‍ ബാബുവിനോട് പറയാന്‍ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ബാബുവുമായി സംസാരിച്ചു. രാത്രി മുഴുവന്‍ അസാമാന്യ കരുത്ത് കാണിച്ച ബാബു രാവിലെ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ ഉണര്‍ന്നിരുന്നു. അതീവ സന്തോഷവനായി ബാബു ഹേമന്ത് രാജിനും സൈനികര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും വൈറല്‍ ആയി.

ബാബുവിനെ രക്ഷിച്ചതിന് ശേഷമുള്ള വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ ബാബുവിനോട് സംസാരിക്കുന്ന മലയാളി ഹേമന്ത് രാജാണ്. ബാലയാണ് രക്ഷിച്ചതെന്ന് ബാബുവിനോട് പറയുന്നതും ഉമ്മ കൊടുക്കാന്‍ ആവശ്യപ്പെടുന്നതും ഈ സൈനിക ഉദ്യോഗസ്ഥനാണ്. ആ മലമുകളിലെ ഒരോ നീക്കവും പ്ലാന്‍ ചെയ്ത വ്യക്തി. ഈ പദ്ധതിയൊരുക്കലാണ് ബാബുവിനെ മലമുകളില്‍ എത്തിച്ചത്. ബാബുവിനെ രക്ഷിച്ച് താഴേക്ക് കൊണ്ടു പോകണമോ എന്ന ചര്‍ച്ച സജീവമായിരുന്നു. എന്നാല്‍ റിക്‌സ് ഒഴിവാക്കാന്‍ വലിച്ചു കയറ്റാനുള്ള തീരുമാനവും ഹേമന്ത് രാജിന്റേതായിരുന്നു.

ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ദൗത്യം ബാല എന്ന ഉദ്യോഗസ്ഥനായിരുന്നു. ഹെലികോപ്റ്ററില്‍ ലിഫ്റ്റ് ചെയ്യാനാവില്ലെന്ന് ബോധ്യമായതോടെയാണ് ബാലയുടെ കൈകളിലേക്ക് ദൗത്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എത്തിയത്. ചെങ്കുത്തായ മലനിരകളിലൂടെ അതീവ ശ്രദ്ധയോടെയാണ് ബാല നീങ്ങിയിറങ്ങിയത്. നേരത്തെ കാറ്റിന്റെ ഗതി കാരണം ഹെലികോപ്റ്റര്‍ ഉപയോഗിച്ച എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

‘ബാലയാണ് ബാബുവിനെ പൊക്കി ഇവിടെ എത്തിച്ചതെന്ന് ഹേമന്ത് രാജ് പറയുമ്പോള്‍ ബാലയെ സ്നേഹത്തോടെ ഉമ്മ വെക്കുന്ന ബാബുവിനെ വീഡിയോയില്‍ കാണാം.. ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികരുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറല്‍ അരുണാണ് ദൗത്യം ഏകോപിപ്പിച്ചത്. സൈന്യത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.

ദൗത്യം വിജയിച്ചതിന് പിന്നാലെ മന്ത്രി വാസവനും രക്ഷാദൗത്യ സംഘത്തെ അഭിനന്ദിച്ചു. ഏറ്റുമാനൂരിന്റെ അഭിമാനമെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയും പങ്കുവച്ചത്. മലകയറുന്നതിനിടെ കാല്‍വഴുതി ചെങ്കുത്തായ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിനും ജില്ലാ ഭരണകൂടത്തിനും പോലീസിനും രക്ഷാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച മന്ത്രി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജ് ഏറ്റുമാനൂര്‍ സ്വദേശിയാണെന്നും കുറിച്ചു. അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചുവെന്നും അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ മന്ത്രിയോട് ഹേമന്ത് രാജ് പങ്കുവക്കുകയും ചെയ്തു. വളരെയധികം സമയം മലയിടുക്കില്‍ കഴിഞ്ഞതിന്റെ അസ്വസ്ഥതകള്‍ ബാബുവിനുണ്ടെന്നും വൈദ്യസഹായവും ചികിത്സയും ആവശ്യമാണെന്ന് ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജ് അറിയിച്ചു. മലമുകളില്‍ നിന്ന് മാത്രമല്ല താഴെ നിന്നും രക്ഷാ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. സാദ്ധ്യമായ എല്ലാ വഴികളിലൂടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കൃത്യമായ കോ ഓര്‍ഡിനേഷനാണ് രക്ഷാപ്രവര്‍ത്തനം സാദ്ധ്യമാക്കിയത്. അതിന് നേതൃത്വം നല്‍കിയത് ഹേമന്ത് രാജും.

ഏറ്റുമാനൂര്‍ തവളക്കുഴി മുത്തുച്ചിപ്പി വീട്ടില്‍ റിട്ടേര്‍ഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി കെ രാജപ്പന്‍ -സി എസ് ലതികബായി ദമ്പതികളുടെ മകനാണ് ഹേമന്ത് രാജ്. കഴക്കൂട്ടം സൈനീക സ്‌കൂളിലെ പഠനത്തിന് ശേഷം പൂനയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യന്‍ മിലട്ടറി അക്കാദമി എന്നിവിടങ്ങളിലായിരുന്നു പരിശീലനം. കേരളത്തിലും ഉത്തരാഖണ്ഡിലും ജമ്മുകാശ്മീരിലും പ്രളയം അടക്കമുള്ള ദുരന്ത മുഖങ്ങളില്‍ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്.

2019ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡല്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഹേമന്ത് രാജാണ്. ഏറെ കാലത്തിന് ശേഷമാണ് ഒരു മലയാളി പരേഡ് നയിക്കാന്‍ അവസരം ലഭിക്കുന്നത്. കേരളം കണ്ട മഹാപ്രളയത്തിലടക്കം ആയിരങ്ങളുടെ ജീവന്‍ കൈപിടിച്ചുയര്‍ത്താന്‍ മറ്റ് വിവിധ ഫോഴ്‌സുകള്‍ക്കൊപ്പം അന്നും മുന്നില്‍നിന്ന് നയിച്ചത് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമായിരുന്നു. 2018ലെയും 19ലെയും പ്രളയകാലത്തും പെട്ടിമുടി ദുരന്തസ്ഥലത്തും പ്രതീക്ഷയോടെ മലയാളി കേട്ട ശബ്ദം തന്നെയാണ് ബാബുവിനെയും ഉറങ്ങാതെ കാത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker