CrimeNationalNews

കൊല്ലപ്പെട്ട ബാബാ സിദ്ദിഖിക്ക് സൽമാൻ ഖാനുമായി അടുത്ത ബന്ധം; അന്വേഷണം ലോറൻസ് ബിഷ്‌ണോയിലേക്കും

മുംബൈ: ശനിയാഴ്ച വൈകുന്നേരമാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ ഓഫീസില്‍വെച്ച് വെടിയേറ്റ് മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി.

ചെറുപ്രായത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബാ സിദ്ദിഖി 48 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് പാര്‍ട്ടി വിടുന്നത്. എന്‍.സി.പി. അജിത് പവാര്‍ വിഭാഗത്തിന്റെ എന്‍.സി.പിയിലാണ് അദ്ദേഹം ചേര്‍ന്നത്. പാര്‍ട്ടി മാറിയതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചിരുന്നു. കറിവേപ്പില പോലെയാണ് കോണ്‍ഗ്രസ് തന്നെ പരിഗണിച്ചിരുന്നതെന്നായിരുന്നു പാര്‍ട്ടി മാറിയതിന്റെ ന്യായമായി അദ്ദേഹം പറഞ്ഞത്.

ബാന്ദ്ര ഈസ്റ്റില്‍ നിന്ന് മൂന്ന് തവണ (1999, 2004, 2009) എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ബാബാ സിദ്ദിഖി. 2004- 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. സിദ്ദിഖിയുടെ മകന്‍ സിഷന്‍ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ്. സീഷനെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ആഗസ്റ്റില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. 15 ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ദിഖിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വൈ ക്യാറ്റഗറി സുരക്ഷയിലായിരുന്നു അദ്ദേഹം.

സല്‍മാന്‍ ഖാന് നേരെയുള്ള വെടിവെപ്പുമായി ബന്ധം

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വന്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു. താരങ്ങളുമായി അടുപ്പമുണ്ടായിരുന്നയാളായാണ് സിദ്ദിഖി അറിയപ്പെട്ടിരുന്നത്. സല്‍മാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചത് 2013 ല്‍ സിദ്ദിഖി നടത്തിയ പാര്‍ട്ടിയില്‍ വെച്ചായിരുന്നെന്നും സിദ്ദിഖിയാണ് ഇതിന് മുന്‍കൈ എടുത്തതെന്നും വാര്‍ത്തകളുണ്ടായിരുന്നു. സ്വാഭാവികമായും സല്‍മാന് നേരെയുണ്ടായ വധശ്രമവുമായി ഈ കേസിനുള്ള ബന്ധങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കേസിലെ പ്രതിയായ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയ്ക്ക് ഇതില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്.

മുഖം മറച്ച അക്രമികള്‍, മൂന്ന് റൗണ്ട് വെടിവെപ്പ്

ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവര്‍ തന്നെയാണ് സിദ്ദിഖിയെ വധിച്ചതെന്നാണ് സൂചന. പ്രതികളില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും വാര്‍ത്തയുണ്ട്.

നഗരത്തില്‍ ദസറ ആഘോഷങ്ങള്‍ക്കിടയിലാണ് കൊലപാതകമുണ്ടായത്. ഈ വര്‍ഷം അവസാനം മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പും നടക്കാനിരിക്കെടയുണ്ടായ ഈ രാഷ്ട്രീയ പ്രമുഖന്റെ കൊലപാതകം സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. കേസില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ പറഞ്ഞു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker