അസർബയ്ജാനിൽ തകർന്നുവീണ വിമാനം റഷ്യ വെടിവെച്ചിട്ടതോ? മിസൈൽ പ്രതിരോധമെന്ന് സൂചനകൾ
അസ്താന: കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ അസർബയ്ജാൻ എയര്‍ലൈന്‍സ് വിമാനം അബദ്ധത്തില്‍ റഷ്യ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകര്‍ന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്.
ക്രിസ്മസ് ദിനത്തിലാണ് അസർബയ്ജാൻ എയര്‍ലൈന്‍സിന്റെ വിമാനം കസാഖ്സ്താന് സമീപം തകര്‍ന്നുവീണത്. അസർബയ്ജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 38 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 11, 16 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. വിമാനത്തിന്റെ ഇന്ധനസംഭരണ ഭാഗത്തും ടെയില്‍ ഭാഗത്തമുള്ള പാടുകളും കുഴികളും മിസൈലിന്റെ കൂര്‍ത്തഭാഗം കൊണ്ടതാവാമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സൈനിക വിഷയങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലാഷ് റിപ്പോര്‍ട്ട് എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഴത്തിലും വീതിയിലുമുള്ള കുഴികളും പാടുകളും ദൃശ്യങ്ങളില്‍ കാണാം.
യുക്രൈന്‍ ഡ്രോണുകല്‍ സഞ്ചരിച്ച ആകാശപാതയിലൂടെയാണ് അസർബയ്ജാൻ വിമാനം പറന്നതെന്ന് സൂചനകളുണ്ട്. വിമാനത്തിന്റെ ലക്ഷ്യസ്ഥാനമായ റഷ്യയിലെ ഗ്രോന്‍സി യുക്രൈന്‍ നിരന്തരം ലക്ഷ്യംവെച്ച മേഖല കൂടിയാണ്. ഈ വര്‍ഷം മാത്രം മൂന്ന് ആക്രമണങ്ങള്‍ ഗ്രോന്‍സിയെ കേന്ദ്രമാക്കി യുക്രൈന്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ റഷ്യയുടെ പ്രതിരോധസംവിധാനങ്ങള്‍ ഈ മേഖലയിലും സജീവമാണ്. റഷ്യന്‍ മിലിട്ടറി വ്‌ലോഗറായ യൂറി പോഡോല്യാകയും വിമാനത്തിന് നേരെ നടന്നത് മിസൈല്‍ പ്രതിരോധമാണെന്ന സൂചനകള്‍ പങ്കുവെച്ചിട്ടുണ്ട്.