‘വാട്ട്‌സ്ആപ്പിൽ നിന്ന് അകന്ന് നിൽക്കൂ, സുരക്ഷിതരാകൂ’: മുന്നറിയിപ്പ് നൽകി ടെലിഗ്രാം സ്ഥാപകൻ
ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാമിന്‍റെ സ്ഥാപകന്‍റെ ഉപദേശം. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വാട്ട്സ്ആപ്പ് ഒഴികെ ഏത് സന്ദേശ കൈമാറ്റ ആപ്പും ഉപയോഗിക്കാം എന്നാണ് ടെലഗ്രാം സ്ഥാപകന്‍ പവൽ ഡുറോവ് പറയുന്നത്.
കഴിഞ്ഞയാഴ്ച വാട്ട്‌സ്ആപ്പില്‍ കണ്ടെത്തിയ സുരക്ഷാ പിഴവാണ് പവൽ ഡുറോവിന്‍റെ ഈ വിമര്‍ശനത്തിന്‍റെ അടിസ്ഥാനം. ഒരു ഹാക്കർക്ക് വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്ത് അവരുടെ ഫോൺ ഹൈജാക്ക് ചെയ്യാൻ സാധ്യത നല്‍കുന്ന സുരക്ഷ പിഴവാണ് കണ്ടെത്തിയത്. ഇത് പിന്നീട് അപ്ഡേഷനിലൂടെ പരിഹരിച്ചുവെന്നാണ് വാട്ട്സ്ആപ്പ് ഉടമകളായ മെറ്റ പറഞ്ഞത്. പതിമൂന്ന് വര്‍ഷത്തോളമായി അവര്‍ ചാരപ്പണിക്ക് വഴിയൊരുക്കുന്നുവെന്നും പവൽ ഡുറോവ് ആരോപിക്കുന്നു.
“വാട്ട്‌സ്ആപ്പ് വരിക്കാരുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലും ഹാക്കർമാർക്ക് പൂർണ്ണമായ ആക്‌സസ്സ് ( ഉണ്ടായിരിക്കും” എന്ന് പവൽ ഡുറോവ് തന്‍റെ ടെലിഗ്രാം ചാനലില്‍ എഴുതി. “ഓരോ വർഷവും, വാട്ട്സ്ആപ്പിന്‍റെ ഉപയോക്താക്കള്‍ക്ക് പുതിയ പ്രശ്നം ഉണ്ടാക്കുന്ന ബഗ് ഉണ്ടാകുന്നു. നിങ്ങൾ എത്ര സമ്പന്നനാണെങ്കിലും, നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ, നിങ്ങളുടെ ഫോണിലെ ഒരു വിവരവും സുരക്ഷിതമല്ല” പവൽ ഡുറോവ് പറഞ്ഞു.
ഗവൺമെന്റുകൾ, നിയമപാലകർ, ഹാക്കർമാർ എന്നിവർക്ക് എൻക്രിപ്ഷനും മറ്റ് സുരക്ഷാ സുരക്ഷാ മാർഗങ്ങളും മറികടക്കാൻ അനുവദിക്കുന്ന പിഴവുകള്‍ അഥവ “ലെയിഡ് ലൂപ്പ്ഹോള്‍” നിരവധിയുണ്ടെന്നാണ് റഷ്യയില്‍ നിന്നും നാടുകടത്തപ്പെട്ട സാങ്കേതിക വിദഗ്ധനായ പവൽ ഡുറോവ് പറയുന്നു. വാട്ട്സ്ആപ്പിന്‍റെ പ്രവർത്തനരീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ, വാട്ട്‌സ്ആപ്പ് ഒരിക്കലും സുരക്ഷിതമാകില്ലെന്ന് ദുറോവ് നേരത്തെയും രംഗത്ത് വന്നിട്ടുണ്ട്.
700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളും പ്രതിദിനം ഏകദേശം 2 ദശലക്ഷം ഉപയോക്താക്കളുടെ തുടർച്ചയായ വർദ്ധനവും ഉള്ള സന്ദേശ ആപ്പായ ടെലിഗ്രാമിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്നാണ് ദുറോവ്. സ്വകാര്യതയ്ക്ക് ഒന്നാം സ്ഥാനം നൽകുന്നു എന്നാണ് ടെലഗ്രാം അവകാശവാദം. ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പിന്റെ 2 ബില്യൺ ഉപയോക്താക്കളാണ് ഇപ്പോള്‍ ഉള്ളത്.