KeralaNews

ആംബുലൻസ് ക്ഷാമം മുൻകൂട്ടി കണ്ട് ഓട്ടോറിക്ഷ ആംബുലൻസാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

കൊല്ലം : ആംബുലൻസ് ക്ഷാമം മുൻകൂട്ടി കണ്ട് ഓട്ടോറിക്ഷ ആംബുലൻസുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയായ വിജയ് ആണ് ഓട്ടോറിക്ഷ ആംബുലൻസുമായി രംഗത്ത് വന്നിട്ടുള്ളത്.

പരവൂർ മുൻസിപ്പൽ ഒന്നാം വാർഡ് കൗൺസിലറാണ് വിജയ് പരവൂർ. യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം പ്രസിഡന്‍റ് കൂടിയാണ് വിജയ്. കോവിഡ് കേസുകൾ ഇനിയും കൂടുമ്പോൾ ഗുരുതര രോഗികളുടെ എണ്ണം കൂടിയാൽ നിലവിലുള്ള ആംബുലൻസുകൾ മതിയാകാതെ വരുമെന്നത് മുൻകൂട്ടി കണ്ടാണ് വിജയ്‌യുടെ പ്രവർത്തി.

സംസ്ഥാനത്ത് വാര്‍ഡ് തല സമിതികള്‍ പലയിടത്തും നിര്‍ജീവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡുകളിലും സമിതി ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആംബുലൻസ് ഇല്ലെങ്കിൽ പകരം വാഹനം സജ്ജമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ വാർഡ് തല സമിതി നന്നായി പ്രവർത്തിച്ചു. ഇപ്പോൾ പലയിടത്തും വാർഡ് തല സമിതി സജീവമല്ല. ഇതിപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡിലും സമിതികൾ രൂപീകരിക്കണം. ഈ സമിതി അംഗങ്ങൾ വാർഡിലെ വീടുകൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തണം. വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി തദ്ദേശ സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം. ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം വേണമെങ്കിൽ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാൽ മരണ നിരക്ക് കുറയ്ക്കാനാവും.

ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ച് ബോധവത്കരണം ആവശ്യമാണ്. ഉത്തരവാദിത്തം വാർഡ് തല സമിതി ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആംബുലൻസ് സേവനം വാർഡ് തല സമിതി ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലൻസിന്റെ പട്ടിക തയ്യാറാക്കണം. ആംബുലൻസ് തികയില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന വാഹനത്തിന്റെ പട്ടിക വേണം. ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലൻസിന് പുറമെ മറ്റ് വാഹനങ്ങളും ഉണ്ടാകണം. പഞ്ചായത്തിൽ അഞ്ചും നഗരസഭയിൽ പത്തും വാഹനം ഈ രീതിയിൽ ഉണ്ടാകണം. ഓക്സിജൻ അളവ് നോക്കൽ പ്രധാനമാണ്. വാർഡ് തല സമിതിയുടെ പക്കൽ പൾസ് ഓക്സി മീറ്റർ കരുതണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു വാർഡ് തല സമിതിയുടെ പക്കൽ അഞ്ച് പൾസ് ഓക്സി മീറ്റർ ഉണ്ടാകണം. പഞ്ചായത്ത് നഗരസഭ തലത്തിൽ ഒരു കോർ ടീം വേണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് നേതൃത്വം. സെക്രട്ടറി, എസ്എച്ച്ഒ, സെക്ടറൽ മജിസ്ട്രേറ്റ് തുടങ്ങിയവർ ഉണ്ടാകും. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉൾപ്പെടുത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓരോ വാർഡിലും ആവശ്യത്തിന് മരുന്ന് കരുതണം. കിട്ടാത്തവ എത്തിക്കണം, മെഡിക്കൽ ഉപകരണം ആവശ്യത്തിനുണ്ടോയെന്ന് ഉറപ്പാക്കണം. ഉപകരണങ്ങൾക്ക് അമിത വില ഈടാക്കുന്നെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ അത്തരം കാര്യങ്ങൾ കൊണ്ട് വരണം. പൾസ് ഓക്സിമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാൽ കർശന നടപടിയെടുക്കുംമെന്നും അദ്ദേഹം പറഞ്ഞു. വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാനും വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാനാവണം. ശവശരീരം മാനദണ്ഡം പാലിച്ച് മറവ് ചെയ്യാനുള്ള സഹായം വാർഡ് തല സമിതി നൽകണം. മുൻപ് പൾസ് ഓക്സി മീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂളുണ്ടാക്കാനും വാർഡ് തല സമിതി നേതൃത്വം നൽകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker