CricketSports

ജയ്‌സ്വാളിന്റെ സ്ലെഡ്ജിംഗിന് സ്റ്റാര്‍ക്കിന്റെ പ്രതികാരം; ഇന്ത്യയെ 180 ന് എറിഞ്ഞുവീഴ്ത്തിയ ഓസീസ് ശക്തമായ നിലയില്‍

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ്ക്ക് മേല്‍ക്കൈ. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ്, ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 33 ഓവറില്‍ ഒരു വിക്കറ്റിന് 86 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സുമായി നഥാന്‍ മക്സ്വീനിയും 20 റണ്‍സുമായി മാര്‍നസ് ലബുഷെയ്നുമാണ് ക്രീസില്‍. ഇന്ത്യന്‍ സ്‌കോറിന് 94 റണ്‍സ് മാത്രം പിന്നിലാണ് ഓസീസ്. 13 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്.

35 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 13 റണ്‍സെടുത്ത ഖവാജയെ, ജസ്പ്രീത് ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതോടെ, ഈ കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമായി ബുമ്ര മാറി. ഒരു കലണ്ടര്‍ വര്‍ഷം 50 വിക്കറ്റ് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യക്കാരനാണ് ബുമ്ര.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 14.1 ഓവറില്‍ 48 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ നിരയെ എറിഞ്ഞിട്ടത്. 54 പന്തില്‍ മൂന്നു വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എല്‍. രാഹുല്‍ (64 പന്തില്‍ 37), ശുഭ്മന്‍ ഗില്‍ (51 പന്തില്‍ 31), ഋഷഭ് പന്ത് (35 പന്തില്‍ 21), രവിചന്ദ്രന്‍ അശ്വിന്‍ (22 പന്തില്‍ 22) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ ഉറപ്പാക്കി.

ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റ് നഷ്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ – ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സ് വരെയെത്തിച്ചു. എന്നാല്‍ 37 റണ്‍സെടുത്ത രാഹുലിനെ മടക്കി സ്റ്റാര്‍ക്ക് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിവെട്ടി. വിരാട് കോലി (7), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3) എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി. 31 റണ്‍സെടുത്ത് ഭേദപ്പെട്ട ഇന്നിങ്‌സിന്റെ സൂചന നല്‍കിയ ഗില്ലിനെ സ്‌കോട്ട് ബോളണ്ടും പുറത്താക്കി. 21 റണ്‍സെടുത്ത ഋഷഭ് പന്തും 22 റണ്‍സെടുത്ത ആര്‍. അശ്വിനും മാത്രമാണ് ഇടയ്ക്ക് പിടിച്ചുനിന്നത്. ഇവരെ കൂട്ടുപിടിച്ചാണ് നിതീഷ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.

തൊട്ടുപിന്നാലെ ഹര്‍ഷിത് റാണ ഡക്കായെങ്കിലും, ഒന്‍പതാം വിക്കറ്റില്‍ ബുമ്രയെ ഒരറ്റത്തുനിര്‍ത്തി നിതീഷ് റെഡ്ഡി അഴിച്ചുവിട്ട ആക്രമണമാണ് ഇന്ത്യയെ 180ന് അടുത്തെത്തിച്ചത്. 54 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 42 റണ്‍സെടുത്ത റെഡ്ഡി, ബുമ്രയ്ക്കൊപ്പം സ്‌കോര്‍ബോര്‍ഡില്‍ എത്തിച്ചത് 35 റണ്‍സ്. ഇതില്‍ ബുമ്രയുടെ സംഭാവന പൂജ്യം! ബുമ്രയെ പുറത്താക്കി ക്യാപ്റ്റന്‍ കമിന്‍സാണ് കൂട്ടുകെട്ടു പൊളിച്ചത്. പതിനൊന്നാമനായി എത്തിയ മുഹമ്മദ് സിറാജ് ബൗണ്ടറിയുമായി തുടക്കമിട്ടെങ്കിലും, റെഡ്ഡിയെ വീഴ്ത്തി സ്റ്റാര്‍ക്ക് തന്നെ ഇന്ത്യന്‍ ഇന്നിങ്‌സിന് വിരാമമിട്ടു.ഓസീസിനായി പാറ്റ് കമ്മിന്‍സും ബോളണ്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് ലഭിച്ച രോഹിത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ മൂന്നു മാറ്റങ്ങളുണ്ട്. രോഹിത് ശര്‍മയ്ക്കു പുറമേ ശുഭ്മന്‍ ഗില്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരാണ് പുറത്തായത്. താന്‍ മധ്യനിരയിലാകും ബാറ്റു ചെയ്യുകയെന്ന് രോഹിത് വിശദീകരിച്ചതോടെ, കെ.എല്‍. രാഹുല്‍ യശസ്വി ജയ്‌സ്വാള്‍ സഖ്യമാകും ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുകയെന്ന് ഉറപ്പായി. ഓസീസ് നിരയില്‍ പരുക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡിനു പകരം സ്‌കോട് ബോളണ്ട് ടീമിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker