കൊച്ചി: യുവാവിനെ ഡേറ്റിംഗ് ആപ്പിലൂടെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. എറണാകുളം കാക്കനാട്ടാണ് സംഭവം. ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചു വരുത്തിയ ശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെ കൊണ്ട് പറയിച്ച്
വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള കെണിയാണ് പോലിസ് പൊളിച്ചടുക്കിയത്. രണ്ട് ദിവസം മുമ്പാണ് കേസില്‍ ആറ് യുവാക്കളെ പൊലീസ് പിടികൂടിയത്.
കോഴിക്കോട് സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശികളായ ഫര്‍ഹാന്‍, അനന്തു, സിബിനു സാലി, കണ്ണൂര്‍ സ്വദേശികളായ റയാസ്, മന്‍സില്‍ സമദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തുതിയൂരിലെ ഒരു ഹോസ്റ്റലില്‍ നിന്നാണ് ആറംഗ സംഘത്തെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തത്. ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ കെണില്‍പ്പെടുത്തിയ സംഘം ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഭയന്നു പോയ യുവാവ് വീട്ടില്‍ വിവരം അറിയിക്കുക ആയിരുന്നു.
ഡേറ്റിംഗ് ആപ്പിലൂടെ വ്യാജ ഐഡിയില്‍ നിന്ന് ചാറ്റിംഗ് നടത്തിയ സംഘം യുവാവിനെ അവര്‍ താമസിച്ച വീടിനു സമീപത്തേക്ക് വിളിച്ചു വരുത്തി. വെളുപ്പിനെയാണ് ആറ് പേര്‍ ചേര്‍ന്ന് 27കാരനായ യുവാവിനെ പടമുകളിലേക്ക് വിളിച്ചു വരുത്തുകയും ബൈക്കിന്റെ താക്കോല്‍ ഊരി എടുക്കുകയും ചെയ്തത്. പിന്നീട് മര്‍ദിച്ച് ഫോണ്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറയണമെന്ന് യുവാവിനെ ഇവര്‍ നിര്‍ബന്ധിച്ചു. വഴങ്ങാതിരുന്നപ്പോള്‍ വീണ്ടും തല്ലി. ഭയന്ന യുവാവ് പ്രാണരക്ഷാര്‍ഥം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞു. പിന്നീട് ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇല്ലെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്ന് പൊലീസ് കണ്ടെത്തി. പേടിച്ച യുവാവ് സംഭവം വീട്ടില്‍ അറിയിച്ചു. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും പ്രതികള്‍ അറസ്റ്റിലാവുകയുമായിരുന്നു.