CrimeFeaturedHome-bannerKeralaNews

‘അന്വേഷണ ഉദ്യോഗസ്ഥരെ ലോറിയിടിച്ച് കൊല്ലാൻ ശ്രമം’, ദിലീപിനെതിരെ പുതിയ ജാമ്യമില്ലാ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

 

കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപുമാണ്. മൂന്നാം പ്രതി ദിലീപിന്‍റെ ഭാര്യാസഹോദരനായ സുരാജ്. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാൾ എന്നിങ്ങനെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന് വിളിക്കപ്പെടുന്ന സുനിൽ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കോടതി നിര്‍ദേശമനുസരിച്ചാകും അന്വേഷണം  മുന്നോട്ട് കൊണ്ടുപോകുകയെന്ന് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി.

ബാലചന്ദ്ര കുമാറിനെ രണ്ട് വട്ടം ചോദ്യം ചെയ്തതതിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ബുധനാഴ്ച ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക.

 

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡുമായി കാവ്യാമാധവന്‍റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’യിലെത്തിയ വിജീഷിനെയും മുഖ്യപ്രതി സുനിയെയും ചോദ്യം ചെയ്യാന്‍ ഉടന്‍ കോടതി അനുമതി തേടും.  ഈ മാസം 20-ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതി നിര്‍ദേശം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തൽ ഗൂഡാലോചനയിലെ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്. ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചു കഴിഞ്ഞു.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്താൻ ആയിട്ടില്ലെന്നും അതിൽ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തിൽ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യത്തിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി  കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയത്. ഇതോടൊപ്പം കേസിൽ അന്തിമ കുറ്റപത്രം നൽകുന്നത് വരെ വിചാരണ നിർത്തി വെക്കണമെന്ന അപേക്ഷയും നൽകിയിരുന്നു.

തുടരന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 20-ന്  നല്‍കാനാണ് വിചാരണക്കോടതി ആവശ്യപ്പെട്ടത്. തുടരന്വേഷണം  നടക്കുന്ന സാഹചര്യത്തില്‍ വിചാരണ ആറ് മാസം കൂടി നീട്ടണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജി വെച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥന്‍റെ വിസ്താരം നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker