30.6 C
Kottayam
Tuesday, May 14, 2024

അട്ടപ്പാടി മധുവധക്കേസ്‌:എന്തുകൊണ്ട് കൊലക്കുറ്റമില്ല,പ്രതിഭാഗത്തിന് പിടിവള്ളിയായി ലാസ്റ്റ് സീൻ തിയറി’

Must read

മണ്ണാർക്കാട് : ക്രൂരമായ ആൾക്കൂട്ട മർദനത്തിന് ഇരയായിട്ടും എന്തുകൊണ്ടു കൊലക്കുറ്റം ചുമത്തുന്ന ഐപിസി സെക്‌ഷൻ 302 പ്രതികൾക്കെതിരെ ഉൾപ്പെടുത്തിയില്ല? കൊലക്കുറ്റം ചുമത്താനുള്ള പ്രോസിക്യൂഷൻ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നതു തന്നെയാണ് അതിനു കാരണം. മധു വധക്കേസിൽ പ്രതികൾക്കെതിരെ കോടതി ചുമത്തിയത് ഐപിസി 304 പാർട്ട് 2–149 സെക്‌ഷനാണ്. മനഃപൂർവമല്ലാത്ത നരഹത്യയെന്നതാണ് ഈ വകുപ്പു വ്യക്തമാക്കുന്നത്. 

വേണമെങ്കിൽ കാട്ടിനകത്തു വച്ചു പാറക്കെട്ടിലോ മറ്റോ തള്ളിയിട്ടു മധുവിനെ കൊല്ലാമായിരുന്നെന്നു പ്രതിഭാഗം വാദിച്ചു. കൊല്ലാനായിരുന്നെങ്കിൽ പ്രതികൾ മധുവിനെ എന്തിനു മുക്കാലി ജംക്‌ഷനിലെത്തിച്ച് ആളുകളെ വിളിച്ചുകൂട്ടി? കാട്ടിൽ നിന്നു കൊണ്ടുവരുന്നതും മർദിക്കുന്നതുമായ ദൃശ്യങ്ങൾ എന്തിനു പകർത്തി? പ്രതികൾ തന്നെ പൊലീസിനെ വിളിച്ചുവരുത്തി മധുവിനെ കൈമാറിയത് എന്തിന്? പ്രതിഭാഗത്തിന്റെ ഈ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.

മധു കൊല്ലപ്പെട്ടതു പൊലീസ് കസ്റ്റഡിയിലാണെന്നു തെളിയിക്കാനായിരുന്നു പ്രതിഭാഗം അഭിഭാഷകർ തുടക്കം മുതൽ ശ്രമിച്ചത്. കോട്ടയത്തെ കെവിൻ ദുരഭിമാനക്കൊലക്കേസിൽ ഉൾപ്പെടെ പൊലീസ് ഉപയോഗിച്ച ‘ലാസ്റ്റ് സീൻ തിയറി’ പൊലീസിനെതിരെ കോടതിയിൽ ഉന്നയിച്ചു. 

ദൃക്സാക്ഷികൾ ഇല്ലാത്ത കൊലക്കേസിൽ, മരിച്ചയാളെ അവസാനം ജീവനോടെ കാണുമ്പോൾ കൂടെയുണ്ടായിരുന്നവർ മരണത്തിന് ഉത്തരവാദികളാകാമെന്നു പറയുന്ന ‘ലാസ്റ്റ് സീൻ തിയറി’ ഇന്ത്യൻ തെളിവു നിയമത്തിൽ ഉൾപ്പെടുന്നതാണ്. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ പല കേസുകളിലും പൊലീസ് ‘ലാസ്റ്റ് സീൻ തിയറി’ ഉപയോഗിച്ചിട്ടുണ്ട്.  ‌

മർദനമേറ്റ പരുക്കുകളോടെ മധുവിനെ പൊലീസ് ജീപ്പിൽ കയറ്റുകയായിരുന്നു, മധു അവസാനം പൊലീസിനൊപ്പമായിരുന്നു; അതിനാൽ കസ്റ്റഡി മരണമെന്നു പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. തലയ്ക്കടിയേറ്റ ക്ഷതം ഉൾപ്പെടെയാണു മധുവിന്റെ മരണകാരണമായി ഡോക്ടർമാർ കണ്ടെത്തിയത്.

തലയ്ക്കടിയേൽക്കുന്ന സംഭവങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂറിനു ശേഷമാകും മരണം സംഭവിക്കുന്നത്. മധു മരിച്ചതിനു 2–3 മണിക്കൂർ മുൻപാണു ക്ഷതം സംഭവിച്ചിരിക്കാൻ സാധ്യതയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറഞ്ഞിരുന്നു. ആ സമയത്തു മധു പ്രതികളുടെ പിടിയിലാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതോടെ ‘ലാസ്റ്റ് സീൻ തിയറി’ സ്ഥാപിക്കാൻ കഴിഞ്ഞില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week