ആതിയ ഷെട്ടി കെ.എൽ.രാഹുലിനൊപ്പം ഇംഗ്ലണ്ടിൽ? പ്രതികരിക്കാതെ സുനിൽ ഷെട്ടി
വിരാട് കോലിക്കും അനുഷ്ക ശർമ്മക്കും പിന്നാലെ വാർത്തകളിൽ നിറഞ്ഞ് മറ്റൊരു ക്രിക്കറ്റ് താരവും ബോളിവുഡ് നായികയും. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ നിന്നാണ് പുതിയ വിശേഷങ്ങൾ. ബോളിവുഡ് താരം ആതിയ ഷെട്ടി, ഇന്ത്യൻ ടീമംഗമായ കെ.എൽ രാഹുലിനൊപ്പം ഉണ്ടെന്നാണ് റിപ്പോർട്ട്. ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ഫോട്ടോകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ദീർഘനാൾ നീണ്ടു നിൽക്കുന്ന പരമ്പരയ്ക്കായി കഴിഞ്ഞ മാസമാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. കുടുംബാംഗങ്ങളെയും ഒപ്പം കൊണ്ടുപോകാൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയിരുന്നു.രാഹുലിന്‍റെ അഭ്യർത്ഥന മാനിച്ച് പങ്കാളിയെന്ന നിലയിൽ ബിസിസിഐ അനുവാദത്തോടെ,ആതിയ സതാംപ്റ്റണിൽ ടീമിനൊപ്പം തങ്ങുന്നു എന്നുമാണ് റിപ്പോർട്ടുകൾ.എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം രാഹുലോ ആതിയയോ നൽകിയിട്ടില്ല.
അതേ സമയം ഇംഗ്ലണ്ടിലെ സുഹൃത്തിനൊപ്പമുള്ള ഫോട്ടോ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ വെവ്വേറെ പങ്കു വച്ചു.ഇംഗ്ലണ്ടിലുള്ള ആതിയയുടെ സഹോദരനും രാഹുലിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോകളിൽ നിന്നാണ് ആതിയ രാഹുലിനൊപ്പം ഉണ്ടെന്ന നിഗമനത്തിൽ ആരാധകരും ദേശീയ മാധ്യമങ്ങളും എത്തിയത്. നേരത്തെയും ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും താരങ്ങൾ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
ബോളിവുഡ് സൂപ്പർതാരം സുനിൽ ഷെട്ടിയുടെ മകളായ ആതിയ ഷെട്ടി മോട്ടിചോർ ചക്നാചോർ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ആതിയ ഇംഗ്ലണ്ടിലാണോ എന്ന ചോദ്യത്തോട് സുനിൽ കൃത്യമായി പ്രതികരിച്ചില്ല. മാധ്യമവാർത്തകൾ എന്നാണ് ദേശീയമാധ്യമങ്ങളോട് സുനിൽ ഷെട്ടി പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ സുനിൽ സന്തോഷവാനാണ് എന്നാണ് സൂചന. നേരത്തെ മകൻ അഹാനൊപ്പം രാഹുൽ വ്യായാമം ചെയ്യുന്ന വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്‍റെ സ്നേഹം ,എന്‍റെ കരുത്ത് എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തത്.അഭ്യൂഹങ്ങൾക്കിടെ മറ്റൊരു സെലിബ്രിറ്റി വിവാഹം ഉടൻ ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകർ പങ്കുവയ്ക്കുന്നത്.