
കൊച്ചി: എമ്പുരാന്‍ വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. എമ്പുരാനേക്കുറിച്ച് ചോദിക്കാനൊരുങ്ങിയ മാധ്യമ പ്രവര്‍ത്തകനെ തടസപ്പെടുത്തുകയും നല്ല കാര്യങ്ങള്‍ ചോദിക്കൂ എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. എമ്പുരാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളുടെ ആവിഷ്‌കാരം ഹിന്ദുത്വ സംഘടനകള്‍ക്ക് എതിരാണെന്ന വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി. എം.പിയും മുതിര്‍ന്ന ചലച്ചിത്രതാരവുമായ സുരേഷ് ഗോപിയോട് പ്രതികരണം ആരാഞ്ഞത്.
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ബി.ജെ.പി. പരസ്യമായി രംഗത്തുവന്നില്ലെങ്കിലും വ്യക്തിപരമായ അഭിപ്രായമെന്ന നിലയില്‍ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും ആര്‍.എസ്എസും മറ്റ് ഹിന്ദുത്വ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തുണ്ട്.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിത്രത്തിലെ വിവാദ രംഗങ്ങളില്‍ പലതും സ്വമേധയാ ഒഴിവാക്കാനുള്ള നീക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. നിര്‍മാതാക്കളുടെ ആവശ്യപ്രകാരമാണ് നീക്കം. വിവാദ പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തും. ചില രംഗങ്ങള്‍ ഒഴിവാക്കിയുമായിരിക്കും ചിത്രം ബുധനാഴ്ചയോടെ തീയേറ്ററുകളിലെത്തുക. മാര്‍ച്ച് 27-ന് റിലീസ് ചെയ്ത ‘എമ്പുരാന്‍’ ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചു.