അമ്മയായി കുഞ്ഞിനെ നോക്കി വീട്ടിലിരിക്കാനില്ല; രാം ചരണിന്റെ ഭാര്യ പടുത്തുയർത്തിയത് 780 കോടിയുടെ ആസ്തി
ഹൈദരാബാദ്:തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് നടൻ രാം ചരൺ. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ മകനായ രാം ചരണിന് വളരെ പെട്ടെന്ന് തന്നെ തെലുങ്ക് സിനിമാ രംഗത്ത് തന്റെ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു. ധീര എന്ന സിനിമയിലൂടെ കേരളത്തിലും വലിയ ആരാധക വൃന്ദം സൃഷ്ടിച്ച നടനാണ് രാം ചരൺ.
ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നടന്റെ ആർആർആർ എന്ന സിനിമ ഇന്ത്യൻ സിനിമയിൽ കലക്ഷൻ റെക്കോഡും സൃഷ്ടിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും വൻ ജനപ്രീതി രാജമൗലി സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ലഭിച്ചു.
രാം ചരണിനെ കൂടാതെ ജൂനിയർ എൻടിആർ, ശ്രിയ ശരൺ, ആലിയ ഭട്ട് തുടങ്ങിയവർ ആയിരുന്നു സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. രാം ചരൺ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷം നടൻ ആദ്യമായി അച്ഛനാവാൻ പോവുകയാണ്. നടന്റെ ഭാര്യ ഉപാസന കാമിനേനി ഗർഭിണി ആണെന്ന സന്തോഷ വാർത്ത കുടുംബമാണ് ആരാധകരെ അറിയിച്ചത്.
അമ്മയാവുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നായിരുന്നു രാം ചരണിന്റെ ഭാര്യ ഉപാസന നേരത്തെ പറഞ്ഞത്. ഇരുവരും കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലാണെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമം ആയിരിക്കുകയാണ്. വെറുമൊരു താരപത്നി മാത്രമല്ല യഥാർത്ഥത്തിൽ രാം ചരണിന്റെ ഭാര്യ ഉപാസന.
ആന്ധ്രയിലും തെലുങ്കാനയിലും വലിയ സ്വാധീമുള്ളവരാണ് ഇവരുടെ കുടുംബം. അപ്പോളോ ലൈഫിന്റെ വൈസ് ചെയ്ർ പേഴ്സൺ ആണ് ഉപാസന കാമിനേനി. ബി പോസിറ്റീവ് മാഗസിന്റെ എഡിറ്റർ ഇൻ ചീഫുമാണ്, അപ്പോളോ ഹെൽത്ത് കെയറിന്റെ അമരക്കാരാണ് ഉപാസനയുടെ കുടുംബം.
അനിൽ കാമിനേനി, ശോഭന കാമിനേനി എന്നിവരാണ് ഉപാസനയുടെ മാതാപിതാക്കൾ. ലണ്ടനിൽ നിന്നാണ് ഉപാസന ബിരുദം നേടിയത്. രാം ചരണും ഉപാസനയും ഒരു യൂണിവേഴ്സിറ്റിയിൽ ആയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം 780 കോടിയുടെ സ്വത്ത് ഉപാസനയ്ക്ക് മാത്രമായി ഉണ്ട്. രാം ചരണിന്റെ മാത്രം ആസ്തി ആവട്ടെ 1300 കോടിയും. ആഡംബര പൂർണമായ ജീവിതമാണ് രണ്ട് പേരും നയിക്കുന്നത്. 100 കോടിയാണത്രെ ഒരു സിനിമയ്ക്ക് രാം ചാരൺ വാങ്ങുന്ന പ്രതിഫലം.
ഇത്രയും നാൾ കരിയറിന്റെ തിരക്കുകളിൽ ആയിരുന്നു ഉപാസനയും. മെഡിക്കൽ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ ഉപാസനയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. ഭർത്താവ് സൂപ്പർ സ്റ്റാർ ആയപ്പോഴും ലൈം ലൈറ്റിനോട് വലിയ താൽപര്യം ഉപാസന കാണിച്ചിട്ടില്ല.
കുഞ്ഞ് ജനിക്കാൻ പോവുന്ന രാം ചരണിനും ഉപാസനയ്ക്കും നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. 2012 ലാണ് രാം ചരണും ഉപാസനയും വിവാഹം കഴിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഉപാസന ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. നേരത്തെ കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ പലപ്പോഴും താരങ്ങൾക്ക് അനാവശ്യ ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ അതിനോടൊന്നും പ്രതികരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. തങ്ങളുടെ സ്വകാര്യത ആണ് അതെന്നാണ് രണ്ട് പേരും വ്യക്തമാക്കിയത്. രാം ചരണിന്റെ അച്ഛൻ ചിരഞ്ജീവി ആണ് കുടുംബത്തിൽ കുഞ്ഞ് പിറക്കാൻ പോവുന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.