ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയുടേതാണ് നടപടി. ആരോഗ്യപരമായ കാരണങ്ങളാല്‍ ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതേസമയം കോടതിയില്‍ ഹാജരാക്കിയ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ 19 വരെ കോടതി നീട്ടി.
കെജ്രിവാളിന് ആവശ്യമായ വൈദ്യപരിശോധന നടത്താനും കോടതി ബന്ധപ്പെട്ട അധികാരികളോട് നിര്‍ദേശിച്ചു. നേരത്തെ ഇതേ ആവശ്യം ചൂണ്ടിക്കാട്ടി ഇടക്കാലജാമ്യം നീട്ടണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇളവ് ലഭിച്ചിരുന്നില്ല. ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് അരവിന്ദ് കെജ്രിവാള്‍.
ഈ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായ കെജ്രിവാളിന് ജൂണ്‍ 1 ന് അവസാനിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. അതിന് ശേഷം ജൂണ്‍ രണ്ടിന് അദ്ദേഹം ജയില്‍ അധികൃതര്‍ക്ക് മുന്നിലെത്തി കീഴടങ്ങിയിരുന്നു. അതേസമയം കീഴടങ്ങുന്നതിന് മുന്‍പ് ജയിലില്‍ വെച്ച് തനിക്ക് എന്ത് സംഭവിക്കാം എന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.
‘ഇവര്‍ എന്നെ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ഞങ്ങള്‍ ഭഗത് സിംഗിന്റെ ശിഷ്യന്മാരാണ്. രാജ്യത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ ജയിലിലേക്ക് പോകുന്നു. അധികാരം സ്വേച്ഛാധിപത്യമാകുമ്പോള്‍ ജയില്‍ ഒരു ഉത്തരവാദിത്തമായി മാറുന്നു,’ അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് കോടതി കെജ്രിവാളിനെ ജൂണ്‍ 5 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. അതിനിടെ ഇഡിക്കെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു.
പ്രമേഹരോഗിയായ കെജ്രിവാളിന് മരുന്നുകളും ഭക്ഷണവും നിഷേധിക്കുന്നു എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിയ ഇഡി കെജ്രിവാളിന്റെ വീട്ടില്‍ നിന്ന് വന്ന ഭക്ഷണം പ്രമേഹരോഗികള്‍ക്ക് അനുയോജ്യമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിച്ചു.
ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ഇഡിയും നല്‍കിയ കേസുകളില്‍ എഎപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതി ഇന്നലെ വിസമ്മതിച്ചിരുന്നു. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെട്ട കേസുകളില്‍ യഥാക്രമം ഇഡിയും സിബിഐയും അന്തിമ പ്രോസിക്യൂഷന്‍ പരാതിയും കുറ്റപത്രവും സമര്‍പ്പിച്ചതിന് ശേഷം സിസോദിയയ്ക്ക് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.