നടി അരുന്ധതി നായരുടെ നിലഗുരുതരം; സഹായം അഭ്യർഥിച്ച് കുടുംബം
തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍. മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്.
തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരിക്കുകയാണ്. അരുന്ധതിയുടെ സഹോദരി ആരതി നായര്‍ സഹായം അഭ്യര്‍ഥിച്ച് സുഹൃത്ത് ശരത് ലാല്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റ്ഗ്രാം സ്‌റ്റോറി പങ്കുവച്ചിട്ടുണ്ട്.
എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ദിനംപ്രതിയുള്ള ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാവുകയാണ്.
തങ്ങള്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല. നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അത് കുടുംബത്തിന് വളരെ സഹായകരമാകുമെന്ന് കുറിപ്പില്‍ പറയുന്നു.
അരുന്ധതിയുടെ വിവരം അന്വേഷിക്കുന്നവരോട് നന്ദിയുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാനുള്ള സാഹചര്യമില്ലെന്നും അത് മനസ്സിലാക്കണമെന്നും സുഹൃത്ത് രമ്യ ജോസഫ് പറയുന്നു.
അരുന്ധതിയുടെ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. പ്ലീഹയ്ക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. ഒരുപാട് ആളുകള്‍ വിളിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസരത്തില്‍ കൂടുതല്‍ പറയാനുള്ള സാഹചര്യത്തിലല്ല. ദയവായി മനസ്സിലാക്കണമെന്ന് സുഹൃത്ത് രമ്യ ജോസഫ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.
ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങവേ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. പരിക്കേറ്റ് ഇരുവരും ഒരു മണിക്കൂറോളം റോഡില്‍ കിടന്നു.
ഒടുവില്‍ അതുവഴി പോയ വാഹനത്തിലുള്ളവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി സിനിമാരംഗത്തെത്തുന്നത്. ഹിറ്റ് ചിത്രം ‘സൈത്താനി’ലെ നായികയായിരുന്നു. 2018-ല്‍ പുറത്തിറങ്ങിയ ‘ഒറ്റയ്‌ക്കൊരു കാമുകന്‍’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം.