കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് തന്നെ പുറത്താക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. താന്‍ എക്‌സിറ്റ് ഓപ്ഷന്‍ എടുത്ത് പഠനം നിര്‍ത്തുകയാണെന്നും കോളേജില്‍നിന്ന് തനിക്കോ തന്റെ വീട്ടുകാര്‍ക്കോ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു.
മഹാരാജാസ് കോളേജിലെ ആര്‍ജിക്കിയോളജി പിജി ഇന്റഗ്രേറ്റഡ് കോഴ്‌സിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ പിഎം ആര്‍ഷോ. ദീര്‍ഘകാലമായി ആര്‍ഷോ കോളേജില്‍ ഹാജരാകുന്നില്ല. കോളേജില്‍ എത്താത്തിന്റെ കാരണം ഒരാഴ്ചക്കുളളില്‍ അറിയിച്ചില്ലെങ്കില്‍ ആര്‍ഷോയെ നോമിനല്‍ റോളില്‍നിന്ന് നീക്കം ചെയ്യുമെന്ന് അറിയിച്ച് പ്രിന്‍സിപ്പല്‍ രക്ഷകര്‍ത്താക്കള്‍ക്ക് നോട്ടീസ് അയച്ചെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് പൂര്‍ണമായും നിഷേധിക്കുകയാണ് ആര്‍ഷോ.
പിജി ഇന്റഗ്രേറ്റഡ് കോഴ്‌സിലെ ആറുസെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ താന്‍ എക്‌സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ആര്‍ഷോ പറഞ്ഞു. ”ഏതൊരു വിദ്യാര്‍ഥിയേയും പോലെ തന്റെ അവകാശമാണത്. എനിക്ക് മുമ്പ് പഠിച്ചവരും ഇത്തരത്തില്‍ എക്‌സിറ്റ് ചെയ്തിട്ടുണ്ട്. ഇനി രണ്ട് കൊല്ലം എറണാകുളം ജില്ലയില്‍ നില്‍ക്കാന്‍ കഴിയില്ല
എന്നുള്ളതുകൊണ്ടാണ് എക്‌സിറ്റ് ചെയ്യുന്നതിന് തീരുമാനിച്ചത്. പി ജി ഇന്റഗ്രേറ്റഡ് കോഴ്‌സ് വിദ്യാര്‍ഥിയാണ് ഞാന്‍. ആറ് സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കി യു.ജി സര്‍ട്ടിഫിക്കറ്റിനാണ് ഇപ്പോള്‍ ശ്രമിച്ചത്. അതല്ലെങ്കില്‍ എനിക്ക് പത്ത് സെമസ്റ്ററുകളും പൂര്‍ത്തിയാക്കാം. ഇത് എന്റെ തീരുമാനമാണ്.
ഒരു സെമസ്റ്ററില്‍ ക്ലാസില്‍ ഹാജരില്ലായെന്ന് കരുതി എങ്ങനെയാണ് നോട്ടീസ് നല്‍കുന്നത്. ആ സെമസ്റ്റര്‍ പൂര്‍ത്തിയാക്കി അടുത്ത സെമസ്റ്ററിലേക്ക് കടക്കുമ്പോള്‍ മതിയായ ഹാജര്‍ ഇല്ലെങ്കില്‍ ഇയര്‍ ഔട്ട് ആവുകയാണ് ചെയ്യുക. ഒരു സര്‍വകലാശാലയിലും കേള്‍ക്കാത്ത കാര്യമാണ് ഇവിടെ കേള്‍ക്കുന്നത്”, ആര്‍ഷോ പറഞ്ഞു.