കോട്ടയം: കോട്ടയത്ത് കരാറുകാരനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ മൈനർ ഇറിഗേഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ജോസ് സർക്കാരിന്റെ ബ്ലാക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥയെന്ന് വിജിലൻസ്. പാന്പാടി ജനസേചന പദ്ധതിയുമായി ബന്ധപ്പെട്ട് തോട് നവീകരണ ഫണ്ടിലെ അപാകതകൾ വിജിലൻസ് ഫെബ്രുവരിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ബിനു ജോസിനെ സസ്പെക്ടഡ് 2 ആക്കി നടപടികൾക്ക് ശുപാർശ ചെയ്തത്.
2015 ൽ ചങ്ങനാശ്ശേരിയിൽ സെക്ഷൻ ഓഫീസറായിരിക്കെ സർക്കാർ പണം ദുരുപയോഗം ചെയ്തതിന് പെനാള്‍ട്ടി ഓഫ് സെന്‍ഷുവര്‍ ( penalty of censure) എന്ന ശിക്ഷണ നടപടിയും സ്വീകരിച്ചു. കുമളി സെക്ഷന്റെ ചാർജ് കൂടി ഉണ്ടായിരുന്നതിനാൽ ആ ഓഫീസിലെ സ്വീപ്പർ അവധിയിൽ പോയ കാലത്ത് കൊടുക്കാത്ത ശന്പളം കൊടുത്തതായി രേഖയുണ്ടാക്കി പണം തട്ടിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
പെനാള്‍ട്ടി ഓഫ് സെന്‍ഷുവര്‍ സ്വീകരിച്ചിട്ടും ഫലമുണ്ടായില്ല, ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നത് നിർബാധം തുടർന്നുവെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. ബിനു ജോസിനെതിരെ നിരവധി കരാറുകാർ അടക്കം പറയുന്നുണ്ടെങ്കിലും ആരും ഇത് വരെ പരാതിയുമായി എത്തിയിട്ടില്ല. കൂടുതൽ പേർ പരാതിയുമായി എത്തും എന്നാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്.
ചങ്ങനാശ്ശേരി സബ് റജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥയുടേയും ബന്ധുക്കളുടേയും പേരിൽ ഒൻപത് സ്ഥലങ്ങളിൽ ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചും ഇവ വാങ്ങിയ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും വിജിലൻസ് അന്വേഷിക്കും. സമീപ കാലങ്ങളിൽ ബിനു ജോസ് കൈകാര്യം ചെയ്ത ഫയലുകളെക്കുറിച്ചും വിജിലൻസ് അന്വേഷണം തുടങ്ങി.
കരാർ ജോലികൾക്ക് സെക്യൂരിറ്റി നൽകിയ രണ്ട് ലക്ഷത്തിലധികം രൂപ തിരിച്ചു നൽകാനാണ് ബിനു ജോസ് കരാറുകാരനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ ബിനുവിനെ കയ്യോടെ പിടികൂടുകയായിരുന്നു. റിമാന്റിലായ ബിനു ജോസിനെ കോട്ടയം സബ് ജയിലിലേക്ക് മാറ്റി.