News

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം നടത്തിയ വാര്‍ത്തസമ്മേളനവും ഇരുവരെയും സ്‌നേഹിക്കുന്നവര്‍ക്ക് വേദനയായിരുന്നു. ഇതിനിടെ സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ നല്‍കിയ പരാതിയില്‍ മാനാഫിനെതിരെ കേസെടുത്തതും വലിയ ചർച്ചയായി മാറി

മനാഫിനെയും അര്‍ജുനെയും സ്‌നേഹിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. വാർത്താ സമ്മേളനത്തിലൂടെയുണ്ടായ തെറ്റിദ്ധാരണകള്‍ തീര്‍ക്കാന്‍ ലോറിയുടമ മനാഫും അര്‍ജുന്റെ കുടുംബവും പരസ്പ്പരം കണ്ടു. എല്ലാം പരിഭവങ്ങളും തെറ്റിദ്ധാരണകളും പരസ്പ്പരം സംസാരിച്ചു തീര്‍ത്തു. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയായിരുന്നു കൂടിക്കാഴ്ച്ച.

നേരത്തെ അര്‍ജുനെ കണ്ടെത്താന്‍ വേണ്ടി രൂപീകരിച്ച ആക്ഷന്‍ കമ്മറ്റിയിലെ ചിലര്‍ മുന്‍കൈയെടുത്താണ് ഇരുകൂട്ടരുടെയും തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമം നടത്തിയത്. അതാണ് ഫലം കണ്ടത്.. കോഴിക്കോട്ടെ അര്‍ജുന്റെ കണ്ണാടിക്കലുള്ള വീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ വെച്ചാണ് മനാഫും അര്‍ജുന്റെ വീട്ടുകാരും പരസ്പ്പരം കണ്ടത്.

അര്‍ജുന്റെ അയല്‍വീട്ടില്‍ വെച്ചുള്ള കൂടിക്കാഴ്ച്ചയില്‍ പ്രശ്‌നങ്ങള്‍ സംസാാരിച്ചു തീര്‍ത്തു. തെറ്റിദ്ധാരണക്ക് കാരണം ചാനലുകളുടെ അമിത താല്‍പ്പര്യം ആയിരുന്നുവെന്നാണ് ഇരുകൂട്ടരും പറഞ്ഞത്. ഇതാണ് തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചത്. അര്‍ജുന്റെ കുടുംബത്തിന് നല്ലതു വരാന്‍ മാത്രമാണ് ആഗ്രഹിച്ചതെന്നാണ് മനാഫും പറഞ്ഞത്. കൂടിക്കാഴ്ച്ചയോടെ ഇരുകൂട്ടര്‍ക്കും ഇടയില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ നീങ്ങിയിട്ടുണ്ട്. അര്‍ജുന്റെ അളിയന്‍ ജിതിനും അനിയന്‍ അഭിജിത്തുമാണ് മനാഫുമായുള്ള കൂടിക്കാഴ്ച്ചയില്‍ കണ്ടത്. പരസ്പ്പരം കെട്ടിപ്പിടിച്ചാണ് ഇരുകൂട്ടരും പിരിഞ്ഞത്. അര്‍ജുന്‍ തുടങ്ങിയ സൗഹൃദം കുടുംബം ഇനിയും തുടര്‍ന്നുപോകും. പല കാര്യങ്ങളിലും ഇരുകൂട്ടര്‍ക്കും ഇനിയും ഒരുമിച്ചു പോകേണ്ടതുണ്ട്.

നേരത്തെ അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ മനാഫിന് പങ്കില്ലെന്ന് വ്യക്തമായതോടെയാണ് ഈ തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. കുടുംബം മനാഫിനെതിരെ ഒന്നും പരാതിയില്‍ പറഞ്ഞിരുന്നില്ല. എന്നിട്ടും മനാഫിനെതിരെ പോലീസ് കേസെടുത്തത് അര്‍ജുന്റെ കുടുംബത്തെയും വിഷമവൃത്തത്തിലാക്കിയിരുന്നു.

മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു കുടുംബത്തിന്റെ പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്ഐആറില്‍ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്. സൈബര്‍ ആക്രമണ പരാതിയില്‍ മനാഫിനെ സാക്ഷിയാക്കും. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker