KeralaNews

അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു നടക്കുന്നു, കുങ്കിയാനകൾ മടങ്ങുന്നു

ഇടുക്കി: ചിന്നക്കനലിൽ നിന്നും മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ തുറന്നുവിട്ട അരിക്കൊമ്പൻ എന്ന കാട്ടന തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണ്. തുറന്നുവിട്ട സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അപ്പുറം തമിഴ്നാട് വന മേഖല വരെ കൊമ്പൻ സഞ്ചരിച്ചു. ഇതിനിടെ ദൗത്യത്തിനെത്തിച്ച കുങ്കിയാനകളിൽ രണ്ടെണ്ണം വയനാട്ടിലേക്ക് മടങ്ങി.

പുലർച്ചെ ലഭിച്ച സിഗ്നൽ അനുസരിച്ച് അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിലായിരുന്നു. ഇവിടെ നിന്നും തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് സഞ്ചരിക്കുന്നതായും സിഗ്നലിൽ സൂചനയുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലും കൊടും വനത്തിനുള്ളിലായതിനാലും സിഗ്നലുകൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്.

അതിനാൽ വനംവകുപ്പിൻ്റെ മൂന്ന് സംഘങ്ങൾ അതിർത്തിയിലെ വനമേഖലയിൽ അരിക്കൊമ്പനായി നിരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ നേരിട്ട് കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മയക്കുവെടിയേറ്റതിൻ്റെയും ലോറിയിൽ സഞ്ചരിച്ചതിൻ്റെയും ക്ഷീണമുള്ളതിനാൽ അധികദൂരം സഞ്ചരിക്കാനിടയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. 

നിറയെ തീറ്റയും വെള്ളവും ഉള്ളതിനാൽ ചിന്നക്കനാലിനേക്കാൾ കൂടുതൽ അരിക്കൊമ്പൻ പെരിയാറിൽ ഇണങ്ങും എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിനിടെ ദൗത്യത്തിനെത്തിച്ച കുങ്കിയാനകളിൽ രണ്ടെണ്ണം വയനാട്ടിലേക്ക് മടങ്ങി. ദൗത്യത്തിനായെത്തിയ കുഞ്ചുവിനെയും കോന്നി സുരേന്ദ്രനെയുമാണ് ആദ്യം കൊണ്ടു പോയത്.

മാർച്ച് 25 നാണ് ഇവർ രണ്ട് പേരും ചിന്നക്കനാലിൽ എത്തിയത്. ആശങ്കകൾക്കൊടുവിൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിൻ്റെ സന്തോഷത്തിലാണ് വയനാട് എലിഫൻ്റ് സ്ക്വാഡിൻ്റെ മടക്കം. വയനാട്ടിൽ ഇവയെ എത്തിച്ച ശേഷം രണ്ട് ആനിമൽ ആംബുലൻസുകളും അടുത്ത ദിവസം ചിന്നക്കനാലിൽ തിരികെയെത്തും. അതിന് ശേഷം വിക്രമിനെയും സൂര്യനെയും കൊണ്ടുപോകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker