InternationalNews

ഇസ്രയേലിന് എതിരായ കേസിൽ രാജ്യാന്തര കോടതിയിൽ വാദം തുടങ്ങി;ഗാസയി‍ൽ വംശഹത്യയെന്ന് ദക്ഷിണാഫ്രിക്ക

ഹേഗ് ഇസ്രയേൽ ഗാസയി‍ൽ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ രാജ്യാന്തര നീതിന്യായ കോടതിയിൽ (ഐസിജെ) രണ്ടുദിവസത്തെ വാദം തുടങ്ങി. ഗാസയിലെ ഇസ്രയേൽ ആക്രമണവുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. വംശഹത്യ നടക്കുന്ന കോൺസൻട്രേഷൻ ക്യാംപാണ് ഗാസയെന്ന് ദക്ഷിണാഫ്രിക്കൻ അഭിഭാഷകർ ഇന്നലെ വാദിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ ഹേഗ് ആസ്ഥാനമായാണു ഐസിജെ പ്രവർത്തിക്കുന്നത്. വർഷങ്ങൾ നീണ്ടേക്കാവുന്ന കേസാണിത്. പലസ്തീൻ ജനതയല്ല, ഹമാസ് മാത്രമാണു ശത്രുവെന്ന നിലപാട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസവും ആവർത്തിച്ചു.

വംശഹത്യ തടയാനുള്ള ചട്ടങ്ങൾക്ക് രണ്ടാം ലോകയുദ്ധത്തിനുശേഷം 1948ൽ നടന്ന കൺവൻഷനിലാണു രൂപം നൽകിയത്. ഇസ്രയേൽ കൂടി പങ്കെടുത്തു തയാറാക്കിയ ആ ചട്ടങ്ങളുടെ ലംഘനമാണ് ഗാസയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്ക ആരോപിക്കുന്നു.

ഇതിനിടെ, വടക്കൻ ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറിയതോടെ, തകർന്നടിഞ്ഞ ഭൂമിയിലേക്ക് പലായനം ചെയ്ത പലസ്തീൻകാർ മടങ്ങിയെത്തിത്തുടങ്ങി. വീടിരുന്ന സ്ഥലം തിരിച്ചറിയാൻ പോലുമാകാതെ തകർന്നു തരിപ്പണമായിക്കിടക്കുകയാണു മേഖലയാകെ. ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 23,469 ആയി. 59,604 പേർക്കു പരുക്കേറ്റു.

ഇതിനിടെ, ചെങ്കടലിൽ ഹൂതികൾ കപ്പലുകൾ ആക്രമിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി 11–0 വോട്ടുകൾക്ക് പാസാക്കി. യുഎസും ജപ്പാനുമാണു പ്രമേയം കൊണ്ടുവന്നത്. ചൈന, റഷ്യ, അൾജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ഒമാൻ കടലിടുക്കിൽ അക്രമികൾ വളഞ്ഞ എണ്ണക്കപ്പലിന്റെ നിയന്ത്രണം തങ്ങളുടെ സേന ഏറ്റെടുത്തതായി ഇറാൻ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker