അറബിക്കടല്‍ തിളച്ചു മറിയുന്നു,സംസ്ഥാനത്തെ കാലാവസ്ഥയില്‍ അസാധാരണ മാറ്റങ്ങള്‍,അമ്പരപ്പില്‍ ശാസ്ത്രലോകം
തിരുവനന്തപുരം :ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കേരളത്തില്‍ കാലാവസ്ഥയില്‍ അസാധാരണ മാറ്റങ്ങള്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ട്. അതിതീവ്ര മഴക്കാലം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോഴും കേരളതീരത്തിനടുത്ത് പതിവില്‍കവിഞ്ഞ ചൂടുമായി അറബിക്കടല്‍ ഗവേഷകരെ അമ്പരപ്പിയ്ക്കുന്നു. ഇടവപ്പാതിയുടെ പകുതിയോടെ തണുത്തു തുടങ്ങാറുള്ള കടല്‍ ഇത്തവണ പെരുമഴക്കാലത്തും അളവില്‍ കവിഞ്ഞ ചൂടിലായിരുന്നു. സാധാരണ ഈ സീസണില്‍ ഒരു ഡിഗ്രി വരെ ചൂട് കുറയും. എന്നാല്‍ കടലിന്റെ വടക്ക്-മധ്യഭാഗത്ത് ചൂട് കുറഞ്ഞിട്ടുണ്ട്
ബംഗാള്‍ ഉള്‍ക്കടലിലും ഇതേ സ്ഥിതിയായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ അനുപാതം മാറി. വടക്കുഭാഗത്ത് ചൂട് നിലനില്‍ക്കുമ്പോള്‍ ബംഗാളിന്റെ തെക്കുഭാഗം സാധാരണ നിലയിലെത്തി. ന്യൂനമര്‍ദ്ദത്തിലുണ്ടായ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിമാറ്റവുമാണ് അറബിക്കടലിലെ അനുപാതം തെറ്റിയുള്ള ചൂടിന് കാരണമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം.
കനത്ത മിന്നലും ഇടിയും ഇത്തവണ കാലവര്‍ഷത്തെ അസാധാരണമാക്കി. ഒരു പ്രദേശത്ത് കുറഞ്ഞസമയത്തിനുള്ളില്‍ തുടര്‍ച്ചയായി അതിശക്തമായ മഴ ലഭിക്കുന്ന സ്ഥിതിയുണ്ടായത് ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കി. വയനാട്ടിലും നിലമ്പൂരിലും അതിതീവ്രമഴ പെയ്തു. മഴയില്‍ വെള്ളത്തിന്റെ ശേഖരവും തണുപ്പും കൂടുതലായിരുന്നു. 24 മണിക്കൂറില്‍ 21 സെന്റീമീറ്ററിലധികം പെയ്യുന്നതാണ് അതിതീവ്രമഴ. 7 മുതല്‍ 11 സെന്റീമീറ്റര്‍വരെ ശക്തവും 11 മുതല്‍ 21 വരെ അതിശക്തമഴയുമായി കണക്കാക്കുന്നു. ചൊവാഴ്ച വരെ ഈ സീസണില്‍ ശരാശരി കിട്ടേണ്ടതിനെക്കാള്‍ 13% കൂടുതല്‍ മഴ ലഭിച്ചു. തുലാവര്‍ഷത്തെക്കുറിച്ച് അടുത്തമാസം ആദ്യത്തോടെ സൂചന ലഭിക്കുമെന്നാണ് നിരീക്ഷണം