മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണിക്ക് അനുമതി; സ്റ്റാലിൻ്റെ സന്ദർശനത്തിനുമുമ്പേ ഉത്തരവിറങ്ങി
കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് കേരളത്തിന്റെ അനുമതി. ബുധനാഴ്ചയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വൈക്കം സത്യാഗ്രഹ സമര ശതാബ്ദിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ വ്യാഴാഴ്ച ഇരുമുഖ്യമന്ത്രിമാരും പങ്കെടുക്കാനിരിക്കേയാണ് നടപടി.
അറ്റകുറ്റപ്പണി കേരളം തടഞ്ഞത് വൈക്കം സന്ദര്‍ശനവേളയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉന്നയിക്കുമെന്ന് തമിഴ്‌നാട് ജലവിഭവമന്ത്രി ദുരൈ മുരുകന്‍ ചൊവ്വാഴ്ച തമിഴ്‌നാട് നിയമസഭയെ അറിയിച്ചിരുന്നു.
സ്റ്റാലിന്‍ വിഷയം ഉന്നയിക്കും മുന്‍പുതന്നെ അനുമതിനല്‍കിയാണ് കേരളസര്‍ക്കാരിന്റെ സഹകരണം. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നായിരുന്നു കേരളം സ്വീകരിച്ചുവന്ന നിലപാട്. ഇതിലാണ് മാറ്റംവന്നത്.
തമിഴ്നാട് ഔദ്യോഗികമായി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഏഴു പ്രവൃത്തികള്‍ക്കാണ് നിബന്ധനകളോടെ ജലവിഭവവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ജോലികള്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിലാകണമെന്നും ഉത്തരവില്‍ പറയുന്നു. നിര്‍മാണസാമഗ്രികള്‍ കൊണ്ടുപോകുമ്പോള്‍ വനനിയമങ്ങള്‍ പാലിക്കണം.
നേരത്തേ കേരളത്തിന്റെ അനുമതി തേടാതെയായിരുന്നു അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന്റെ നീക്കം. ഇത് കേരളം തടഞ്ഞിരുന്നു. ഡിസംബര്‍ നാലിനാണ് രണ്ട് ലോറികളിലായി മണല്‍ കൊണ്ടുവന്നത്. ദിവസങ്ങളോളം വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ കാത്തുകിടന്ന രണ്ട് ലോറികളും കേരളം തടഞ്ഞതിനാല്‍ മണല്‍ മറ്റൊരിടത്ത് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ വ്യാഴാഴ്ച ഔദ്യോഗിക ചര്‍ച്ചയ്ക്ക് സാധ്യതയില്ല. രാവിലെ വൈക്കത്ത് തന്തൈപെരിയാര്‍ സ്മാരകം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കുന്നുണ്ട്. കുമരകം ലേക് റിസോര്‍ട്ടിലാണ് ഇരുവരും ബുധനാഴ്ച തങ്ങിയത്.
സ്റ്റാലിന്‍ മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ചാല്‍ത്തന്നെ അറ്റകുറ്റപ്പണിക്ക് അനുമതി തേടുക എന്നതുമാത്രമാണ് തമിഴ്‌നാട് ഉദ്ദേശിച്ചിരുന്നത്. ബുധനാഴ്ചത്തെ ഉത്തരവോടെ അത് അവസാനിച്ചു.