പ്രസവശേഷം ഞാന്‍ എന്റെ ശരീരത്തെ വെറുക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് അനുഷ്‌ക ശര്‍മ്മ
പ്രസവശേഷം തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചോര്‍ത്ത് ബോളിവുഡ് അഭിനേത്രിയും നിര്‍മ്മാതാവുമൊക്കെയായ അനുഷ്‌ക ശര്‍മ്മ ആശങ്കപ്പെട്ടിരുന്നു എന്ന് തുറന്നു പറയുകയാണ്. ”സ്വയം നല്ല ബോധ്യമുള്ള ഒരാളായിരുന്നിട്ടും ഈ കാര്യങ്ങളോര്‍ത്ത് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. ഞാന്‍ എന്റെ ശരീരത്തെ വെറുക്കുമോ എന്ന് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു” അനുഷ്‌ക വ്യക്തമാക്കി.
ഒരു കുഞ്ഞിന് ഗര്‍ഭം ധരിക്കുന്ന നാള്‍ മുതല്‍ ആ അമ്മയുടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം അനേകം മാറ്റങ്ങളുണ്ടാകും. ചിലര്‍ക്ക് അമിതമായി വണ്ണം വയ്ക്കും, ചിലരുടെ ശരീരത്ത് കറുത്ത പാടുകള്‍ വരും, ചിലരുടെ മുഖവും കഴുത്തുമെല്ലാം ഇരുണ്ടു പോകും. ഇങ്ങനെ അനവധി നിരവധി മാറ്റങ്ങള്‍ സ്ത്രീയുടെ ശരീരത്തിലുണ്ടാകും. അതിനെക്കുറിച്ചോര്‍ത്ത് ആകുലതപ്പെടുന്നവരും കുറവല്ല. ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി തങ്ങളെ കണ്ടാല്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന ധാരണ ആ സ്ത്രീയില്‍ വല്ലാത്ത വേദനയുണ്ടാക്കും.
മനസ്സില്‍ ഇത്തരം ആശങ്കകള്‍ കുമിഞ്ഞു കൂടിയാലും പലരുമിത് തുറന്നു പറയാറില്ല. പക്ഷേ ബോളിവുഡ് അഭിനേത്രിയും നിര്‍മ്മാതാവുമൊക്കെയായ അനുഷ്‌ക ശര്‍മ്മ ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ഗ്രേസിയ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അമ്മയായ ശേഷം തന്റെ ശരീരത്തെ താന്‍ വെറുത്തു പോകുമോ എന്ന ആശങ്കപ്പെട്ടിരുന്നതായി അനുഷ്‌ക തുറന്നു പറഞ്ഞത്.
ജനുവരിയില്‍ മകള്‍ വാമികയെ സ്വാഗതം ചെയ്ത അനുഷ്‌ക ശര്‍മ്മ ഗ്രാസിയയോട് പറഞ്ഞു, ‘ഒരു സ്ത്രീ അമ്മയാകുന്നതിന് മുമ്പും, ഗര്‍ഭിണിയാകുന്നതിന് മുമ്പും, തീര്‍ച്ചയായും അവള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചതിന് ശേഷവും അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സമ്മര്‍ദങ്ങളെ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് ഞാന്‍ ഒരാഴ്ച മുമ്പ് എന്റെ ഒരു സുഹൃത്തിനോട് സംസാരിച്ചിരുന്നു. സ്വയം നല്ല ബോധ്യമുള്ള ഒരാളായിരുന്നിട്ടും ഈ കാര്യങ്ങളോര്‍ത്ത് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. ഞാന്‍ എന്റെ ശരീരത്തെ വെറുക്കുമോ എന്ന് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു’.
”പക്ഷേ മുമ്പ് ഒരിക്കലുമില്ലാത്തതിനേക്കാള്‍ കൂടുതല്‍ ഇപ്പോഴുള്ള ചര്‍മ്മത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇതൊരു മാനസികാവസ്ഥയാണെന്ന് ഞാന്‍ മനസ്സിലാക്കി, നിങ്ങളുടെ രൂപവുമായി ഇതിന് ഒരു ബന്ധവുമില്ല. എന്റെ ശരീരം പഴയത് പോലെയല്ല; അതിന് പഴയ നിറം കിട്ടിയിട്ടില്ല. എന്നാല്‍ ആരോഗ്യത്തോടെയിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ അതിനായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ എന്റെ ചര്‍മ്മത്തില്‍ ഞാന്‍ കൂടുതല്‍ സന്തുഷ്ടയാണ്. ഞാന്‍ ഇപ്പോള്‍ എങ്ങനെ ഇരിക്കുന്നുവെന്നതിനെക്കുറിച്ച് സൂക്ഷമമായി പരിശോധന നടത്തി വിലയിരുത്താറില്ല.
ഒരു ഫോട്ടോയെടുത്താല്‍ ഇത്തരം വിലയിരുത്തലുകളൊന്നുമില്ലാതെ ഞാനത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യും. വളരെ അഗാധവും പരമവും അത്ഭുതകരവുമായ കാര്യം ചെയ്ത ശരീരത്തെ നാം അംഗീകരിക്കണം, സ്വീകരിക്കണം. നാം എപ്പോഴും സമൂഹം ചിന്തിക്കുന്ന സ്ത്രീകളെപ്പോലെ തോന്നിപ്പിക്കപ്പെടേണ്ടവരാണ് എന്നു കരുതി എന്റെ മകള്‍ വളരണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
പിന്നെ ആത്യന്തികമായി പറഞ്ഞാല്‍ ഇതെല്ലാം ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്. സമൂഹം കല്‍പ്പിക്കുന്ന സൗന്ദര്യ സങ്കല്‍ത്തിന് പൊരുത്തപ്പെടുന്ന ശരീരമുള്ള പെണ്‍കുട്ടിക്ക് പലപ്പോഴും താന്‍ മികച്ചതാണെന്ന് തോന്നാറില്ല, അതേസമയം സാമൂഹിക സൗന്ദര്യ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ശരീരമില്ലാത്ത പെണ്‍കുട്ടിക്ക് വളരെയധികം ആത്മവിശ്വാസമുണ്ടാകും.” അനുഷ്‌ക പറയുന്നു.