മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പി സി ജോർജിനെതിരെ (p c george) വീണ്ടും കേസ്. കഴിഞ്ഞ ദിവസം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ കൊച്ചി സിറ്റി പൊലീസിന്‍റേതാണ് നടപടി. തിരുവനന്തപുരം കിഴക്കോക്കട്ടയിലെ വിദ്വേഷ പ്രസംഗത്തിനെതിരായ കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ ഞായറാഴ്ച്ച വൈകുന്നേരമാണ് പി സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്. വിവാദ ഇടനിലക്കാരൻ നന്ദകുമാർ ഭാരവാഹിയായ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്‍റെ സമാപനത്തിലാണ് മുസ്ലീം മതവിഭാഗത്തെ അധിക്ഷേപിച്ച് പി സി ജോർജ് വീണ്ടും രംഗത്തെത്തിയത്.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഐപി സി 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്. സമുദായ സ്പർഥയുണ്ടാക്കൽ, മനപ്പൂര്‍വമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്. ആരാധനാകേന്ദ്രത്തിൽ വെച്ചാണ് കുറ്റകൃത്യമെങ്കിൽ അഞ്ചുവർഷം വരെ തടവുശിക്ഷ കിട്ടാം.
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ സമാന സ്വഭാവമുളള വിദ്വേഷ പ്രസംഗത്തിന്‍റെ പേരിലാണ് പി സി ജോർജിനെ കഴിഞ്ഞയാഴ്ച്ച അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. സമാനകുറ്റം ആവർത്തിച്ച സാഹചര്യത്തിൽ ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി നാളെ തിരുവനന്തപുരത്തെ കോടതിയിൽ പരിഗണിക്കുമ്പോള്‍ സർക്കാർ ഇക്കാര്യം കൂടി അറിയിക്കും.