ഹിറ്റ് സിനിമയിൽ നിന്ന് ഒഴിവാക്കാൻ കാരണം മമ്മൂട്ടി; പിന്നീട് ചെയ്ത പ്രായശ്ചിത്തമാണ് ആ വേഷം; അറിയാക്കഥ പറഞ്ഞ് ബേബി അഞ്ജു
കൊച്ചി:മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ബേബി അഞ്ജു. ഇന്ന് 27 വയസുള്ള മകന്റെ അമ്മയാണെങ്കിലും ആരാധകർക്ക് താരം അന്നും ഇന്നും ബേബി അഞ്ജുവാണ്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ മകളായും ഭാര്യയായും കാമുകിയായിട്ടും ഒക്കെ അഭിനയിച്ചതിനെ പറ്റി അഞ്ജു പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകർ ചർച്ചയാക്കുന്നത്. മമ്മൂട്ടിയുടെ മോളായിട്ടും കാമുകിയായിട്ടും ഭാര്യയായിട്ടും ഒക്കെ അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹം എന്നെ ഒരു കുട്ടിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ. ഞാൻ നായികയായെങ്കിലും എന്നെ ബേബി അഞ്ജു എന്ന നിലയിലാണ് എല്ലാവരും കണ്ടത്. ലൊക്കേഷനിൽ ചോക്ലേറ്റ് ഒക്കെ വാങ്ങിക്കൊണ്ടു വന്ന് തരുമായിരുന്നു. മമ്മൂക്ക കുറച്ച് സ്ട്രിക്റ്റ് ആണെങ്കിൽ ലാലേട്ടൻ വളരെ സ്വീറ്റ് ആയിരുന്നു.
അങ്ങനെ നടക്കേണ്ട ഇങ്ങനെ ഇരിക്കേണ്ട എന്നൊക്കെ പറഞ്ഞ് ഒരു വല്യേട്ടന്റെ റോളാണ് മമ്മൂക്കയ്ക്ക്.കൗരവനിലെ വേഷം ഇന്നും ആളുകൾ എടുത്ത് പറയുന്നതാണ്. ആ വേഷം, തന്നോട് മമ്മൂട്ടി സർ ചെയ്ത പ്രായശ്ചിത്തമാണെന്ന് അഞ്ജു പറയുന്നു.
1991 ൽ കെ ബാലചന്ദ്രൻ സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമയിലേക്ക്, മധുബാല ചെയ്ത കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് അഞ്ജുവിനെയായിരുന്നുവത്രെ. അഞ്ജുവിന്റെ ഡേറ്റ് എല്ലാം വാങ്ങി സെറ്റ് ചെയ്തതാണ്.
പക്ഷേ പിന്നീട് അഞ്ജുവാണ് ആ വേഷം ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ മമ്മൂട്ടി നിരസിച്ചു. അവൾ കൊച്ചു കുട്ടിയാണ്, ആ റോൾ ചെയ്യാനുള്ള പ്രായവും പക്വതയുമില്ല എന്ന് മമ്മൂട്ടി പറഞ്ഞതനുസരിച്ച് അഞ്ജുവിനെ മാറ്റി. ഇക്കാര്യം ബാലചന്ദ്രൻ അഞ്ജുവിനോടും പറഞ്ഞിരുന്നു.
നീലഗിരി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് പിന്നീട് അഞ്ജുവിനെ മമ്മൂട്ടി ആദ്യമായി കണ്ടത്. തന്റെ മകളായി അഭിനയിച്ച അഞ്ജു ഇത്ര വലുതായോ എന്ന് മമ്മൂട്ടി തിരിച്ചറിഞ്ഞതും ആ സെറ്റിൽ വച്ചാണ്. ‘നീ ഇത്രയും വലുതായായിരുന്നോ’ എന്ന് ചോദിച്ച മമ്മൂട്ടി,
അഴകനിൽ നിന്ന് താൻ ഒഴിവാക്കിയതിന് ക്ഷമയും പറഞ്ഞു. അതിന്റെ പ്രായശ്ചിത്തമായി എന്റെ അടുത്ത സിനിമയിൽ നീയുണ്ട് എന്നും മമ്മൂട്ടി വാക്കു കൊടുത്തു. അങ്ങനെ വന്ന സിനിമയാണ് കൗരവരെന്ന് ബേബി അഞ്ജു തുറന്നുപറഞ്ഞു,