കോഴിക്കോട്: കൊച്ചിയില്‍ പെണ്‍കുട്ടികളെ ലഹരിനല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ തന്നെ കുടുക്കിയതാണെന്ന് ആരോപണ വിധേയായ അഞ്ജലി റീമ ദേവ്. വട്ടിപ്പലിശയ്ക്ക് പണം നല്‍കുന്ന സ്ത്രീയും കൂട്ടാളികളുമാണ് ഈ നീക്കത്തിന് പിന്നില്‍. തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്നും അഞ്ജലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ഫെബ്രുവരി രണ്ടിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ബിസിനസ്സ് തകര്‍നന് സമയത്ത് വീടിന്റെ ആധാരം പോലും പണയം വെച്ച് ഈ വട്ടിപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന സ്ത്രീയുടെ പക്കല്‍ നിന്ന് കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ സ്ത്രീയുടേയും കൂട്ടാളികളുടേയും പലകാര്യങ്ങളും പുറത്തുവരാതിരിക്കാന്‍ തന്റെ ജീവിതം വെച്ചാണ് കളിച്ചത്. മയക്കുമരുന്ന് കച്ചവടം, ഹണി ട്രാപ്പ്, കള്ളപ്പണം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളാണ് തനിക്കെതിരേയുളളത്.
എന്നാല്‍ ഇത്തരം കാര്യങ്ങളിലെല്ലാം പങ്കുള്ളത് ഈാ സ്ത്രീക്കാണ്.ഇത് തുറന്നുപറയും എന്ന് അവര്‍ക്ക് അറിയുന്നതുകൊണ്ടാണ് എനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. അവര്‍ പണം കൊടുത്ത് പലയാളുകളേയും കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിക്കാനുള്ള ശ്രമം പോലും നടക്കുന്നുണ്ട്. ചെയ്യാത്ത തെറ്റിന് ആരോപണം ഉയരുമ്പോഴും ആത്മഹത്യ ചെയ്യാതെ നില്‍ക്കുന്നത് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ്. തനിക്കെതിരേ ഇത്തരം ആരോപണങ്ങള്‍ വരുമെന്ന് നേരത്തെ അറിയാമായിരുന്നു. ചെയ്യാത്ത തെറ്റിനാണ് തനിക്കെതിരേ ആരോപണം ഉയരുന്നത്.
ജീവിതത്തില്‍ തോറ്റുകൊടുത്തിട്ട് കാര്യമില്ല. തെറ്റ് ചെയ്തിട്ടില്ലെന്നും അഞ്ജലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതി. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്.
മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.