Entertainment

‘കൂടെ മുങ്ങാന്‍ ആരേലും ഉണ്ടേ ഇപ്പം മുങ്ങണം’, ‘മുങ്ങിപ്പോയാലോ ചേട്ടാ’; മൂന്നുവര്‍ഷം മുമ്പ് മലങ്കര ഡാമില്‍ കുളിക്കുന്ന അനിലിന്റെ പോസ്റ്റും മറുപടിയും

മൂന്ന് വര്‍ഷം മുന്‍പത്തെ ഡിസംബറില്‍ അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങിക്കുളിക്കാന്‍ ഇറങ്ങിയിരിന്നു. അന്ന് തനിക്കൊപ്പം മുങ്ങാന്‍ ആരെങ്കിലുമുണ്ടോ എന്നും താരം ചോദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഡിസംബറില്‍ അതേ ഡാമില്‍ തന്നെ അനില്‍ ജീവന്‍ വെടിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

2017 ഡിസംബര്‍ 29 നാണ് അനില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആഷിക് അബു ചിത്രം ‘മായാനദി’ തീയേറ്ററുകളിലെത്തിയ സമയമായിരുന്നു അത്. മായാനദിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കുറിപ്പ്. ‘ഇപ്പം നദിയുടെ സീസണാണല്ലോ .. മായയെങ്കി മായ, നദിയെങ്കി നദി, മുങ്ങാം. കൂടെ മുങ്ങാന്‍ ആരേലും ഉണ്ടേ ഇപ്പം മുങ്ങണം’.- താരം കുറിച്ചു.

ഇതിന് നിരവധി പേരാണ് കമന്റുമായി എത്തിയത്. ‘മുങ്ങിപ്പോയാലോ ചേട്ടാ’ എന്ന ചോദ്യത്തിന് ‘മുങ്ങണം’ എന്നാണ് അദ്ദേഹത്തിന്‍രെ മറുപടി. ‘രക്ഷപെടുത്തുമല്ലോ, നീന്താന്‍ അറിയില്ല’ എന്ന മറ്റൊരു കമന്റിന് ‘രക്ഷപെടരുത്’ എന്നാണ് പറഞ്ഞത്. ‘അയ്യോ മുങ്ങല്ലേ’ എന്ന മറ്റൊരു സുഹൃത്തിന്റെ കമന്റിന് ‘ഒന്നു രണ്ട് തവണ മുങ്ങി പൊങ്ങിയതാ, അതോണ്ട് രക്ഷപെട്ടു പോം’ എന്നാണ് മറുപടിയായി കുറിച്ചത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്തുവെച്ചുതന്നെ അനിലിനെ നഷ്ടപ്പെട്ടതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവായ നടനായിരുന്നു അനില്‍. തന്റെ നിലപാടുകളും വിശേഷങ്ങളുമെല്ലാം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. കൂടാതെ ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്തിയിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി തൊടുപുഴയില്‍ എത്തിയ അദ്ദേഹം മലങ്കര ഡാം സൈറ്റില്‍ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button