
ഗുവാഹാട്ടി: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളി. അസമിലെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലാണ് ദാരുണ സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 16 വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍നിന്ന് പുറത്തേക്ക് പോയ പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനായാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ദിഗാരു നദിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ വന്‍പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ ഉടനടി നടപടി വേണമെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സോനാപുര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റംസമ്മതിച്ചതായും കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.