കൊച്ചി: അധിക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച നടി ഹണി റോസിന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്ന സംഘടന വിഷയത്തില്‍ ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും അമ്മ സംഘടന പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും വർത്താ കുറിപ്പിലൂടെ അറിയിച്ചു.
‘ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനേത്രി കൂടിയായ കുമാരി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും, അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇതിനാൽ അപലപിച്ചുകൊള്ളുന്നു.’ അഡ്ഹോക്ക് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിക്കുന്നു.
പ്രസ്തുത വിഷയത്തിൽ കുമാരി ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും അമ്മ സംഘടന പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കിൽ വേണ്ടുന്ന എല്ലാവിധ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്‌ഹോക്ക് കമ്മിറ്റി ഇതിനാൽ അറിയിച്ചുകൊള്ളുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെ തന്നെ അപമാനിക്കുന്ന ഒരു വ്യക്തിക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഹണി റോസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നായിരുന്നു ഹണി റോസ് പറഞ്ഞത്.