വാഷിങ്ടണ്‍: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്കന്‍ ജനത. കൊടുങ്കാറ്റ് കാറ്റഗറി അഞ്ചിലേക്ക് മാറിയതോടെയാണ് കൊടുങ്കാറ്റ് വന്‍ ഭീഷണിയായത്. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ വിഭാഗത്തില്‍ പെടുന്നതാണ് കാറ്റഗറി അഞ്ച്. ഫ്ളോറിയഡയില്‍ എങ്ങും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മെക്സിക്കോ ഉള്‍ക്കടലിന് കുറുകേ ഫ്ളോറിഡാ പെനിന്‍സുലയിലേക്കാണ് കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ലക്ഷക്കണക്കിന് ആളുകളയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ച് കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ വളരെയധികം മലയാളികള്‍ പാര്‍ക്കുന്ന മേഖലയാണ് ഫ്ളോറിഡ. രണ്ടാഴ്ച മുമ്പ് അമേരിക്കയില്‍ വീശിയടിച്ച ഹെലന്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വരുത്തിയതിന് തൊട്ടു പിന്നാലെയാണ് അടുത്ത കൊടുങ്കാറ്റ് ഭീഷണി ഉയരുന്നത്. കൊടുങ്കാറ്റിന് മുന്നോടിയായി ഓര്‍ലന്‍ഡോയിലെ പ്രധാനപ്പെട്ട തീംപാര്‍ക്കുകളും വിമാനത്താനളവും എല്ലാം അടച്ചിട്ടിരിക്കുകയാണ്. വാള്‍ട്ട് ഡിസ്നി വേള്‍ഡ്, യൂണിവേഴ്സല്‍ ഓര്‍ലന്‍ഡോ, സീവേള്‍ഡ് തുടങ്ങിയവയെല്ലാം അടച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഡിസ്നി വേള്‍ഡ് നാളെയും അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടം സന്ദര്‍ശിക്കാന്‍ നേരത്ത ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കും. ഓര്‍ലന്‍ഡോ അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ മുതല്‍ നിര്‍്ത്തി വെച്ചിരിക്കുകയാണ്. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ ഏഴാമത്തെ വിമാനത്താവളമാണ് ഓര്‍ലന്‍ഡോയിലേത്. 175 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഡിസ്നി വേള്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഓര്‍ലന്‍ഡോയില്‍ ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെയെത്തിയത് 74 ദശലക്ഷം ടൂറിസ്റ്റുകളാണ്. സാധാരണയായി ഒക്ടോബര്‍ മാസത്തിലാണ് ഏററവുമധികം സന്ദര്‍ശകര്‍ ഓര്‍ലന്‍ഡോയില്‍ എത്തുന്നത്. അതിനിടെ ഫ്ളോറിഡയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും ബ്രിട്ടന്‍ റദ്ദാക്കി.
മാഞ്ചസ്റ്റര്‍, എഡ്വിന്‍ബറോ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് പ്രധാനമായും റദ്ദാക്കിയത്. ആയിരക്കണക്കിന് യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട് എന്ന് തന്നെയാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
20 ദശലക്ഷം ഭക്ഷണപ്പാക്കറ്റുകളും 40 മില്യണ്‍ ലിറ്റര്‍ കുടിവെള്ളവും മുന്‍കരുതലായി ശേഖരിച്ചിട്ടുണ്ട്. കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെടാനായി മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ നീണ്ട വാഹനനിര പല സ്ഥലങ്ങളിലും ഗതാഗത തടസം സൃഷ്ടിച്ചിട്ടുണ്ട്.