NationalNews

അംബേദ്കർ പരാമർശം; അമിത് ഷായ്‌ക്കെതിരെ വൻപ്രതിഷേധം, രാജിയാവശ്യം

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന പ്രതിപക്ഷ ആരോപണം പ്രതിരോധിക്കാന്‍ നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് മോദിയുടെ പ്രതിരോധം.

വിദ്വേഷ നുണകള്‍ക്ക് അവരുടെ വര്‍ഷങ്ങളുടെ ദുഷ്പ്രവൃത്തികള്‍ മറയ്ക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയാണ് കോണ്‍ഗ്രസിനെന്ന് മോദി ആരോപിച്ചു. ആളുകള്‍ക്ക് സത്യം അറിയാമെന്ന് പറഞ്ഞുകൊണ്ട് അമിത് ഷാ നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ അടക്കം പങ്കുവെച്ചായിരുന്നു പ്രതിരോധം.

‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍…….. എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു’ പ്രതിപക്ഷ ബഹളത്തിനിടെ ചൊവ്വാഴ്ച അമിത് ഷാ പറഞ്ഞു.

ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. അമിത് ഷായുടെ രാജിയാവശ്യപ്പെട്ടാണ് പ്രതിഷേധം.

‘കോണ്‍ഗ്രസും അതിന്റെ ജീര്‍ണ്ണിച്ച പരിസ്ഥിതിയും തങ്ങളുടെ ദുരുദ്ദേശ്യപരമായ നുണകള്‍ ഉപയോഗിച്ച മുമ്പ് ചെയ്ത ദുഷ്പ്രവൃത്തികള്‍ മറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയാണ്. പ്രത്യേകിച്ച് ഡോ. അംബേദ്കറോടുള്ള അധിക്ഷേപം, അവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. അംബേദ്കറുടെ പാരമ്പര്യം ഇല്ലാതാക്കാനും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ അപമാനിക്കാനും ഒരു കുടുംബാധിപത്യ പാര്‍ട്ടി സാധ്യമായ എല്ലാ വൃത്തികെട്ട തന്ത്രങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ വീണ്ടും വീണ്ടും കാണുകയാണ്’ പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.

അംബേദ്കറോട് കോണ്‍ഗ്രസ് ചെയ്ത അനിതീയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. ‘അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് ഒരു തവണയല്ല, രണ്ടുതവണയാണ്. പണ്ഡിറ്റ് നെഹ്റു അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. ഭാരത് രത്‌ന നിഷേധിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം വെയ്ക്കുന്നതിന് സ്ഥാനം നിഷേധിച്ചു’ മോദി കൂട്ടിച്ചേര്‍ത്തു.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ ഏറ്റവും വലിയ കൂട്ടക്കൊലകള്‍ അവരുടെ ഭരണത്തിന് കീഴിലാണ് നടന്നതെന്ന് കോണ്‍ഗ്രസിന് നിഷേധിക്കാനാവില്ല. വര്‍ഷങ്ങളോളം അവര്‍ അധികാരത്തില്‍ ഇരുന്നെങ്കിലും എസ്സി, എസ്ടി വിഭാഗങ്ങളെ ശാക്തീകരിക്കാന്‍ കാര്യമായൊന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി എക്‌സിലൂടെ വ്യക്തമാക്കി.

അംബേദ്കറുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം അക്ഷീണം പ്രയത്‌നിച്ചുവെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

അമിത് ഷാ അംബേദ്കറെ അപാനിച്ചെന്ന ആരോപണത്തിന് തടയിടാന്‍ രാജ്‌നാഥ് സിങടക്കമുള്ള ബിജെപിയുടെ മറ്റു ഉന്നത നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

മനുസ്മൃതിയെ പിന്തുടരുന്നവര്‍ക്ക് സ്വാഭാവികമായും അംബേദ്കറെക്കൊണ്ട് പ്രശ്നമുണ്ടാകുമെന്ന് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമിത് ഷായെ ഉന്നമിട്ട് പറയുകയുണ്ടായി.

ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കാന്‍ ആര്‍എസ്എസും ബിജെപിയും ആഗ്രഹിച്ചു. ബാബാസാഹേബ് അംബേദ്കര്‍ ഇത് അനുവദിച്ചില്ല, അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ ഇത്രയധികം വെറുക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

എന്നെപ്പോലുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ബാബാസാഹിബ് ദൈവത്തെ പോലെയാണെന്നും മോദി സര്‍ക്കാരിന്റെ മന്ത്രിമാര്‍ അത് മനസ്സിലാക്കണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker