KeralaNews

ഇന്ന് മഹാശിവരാത്രി, ആലുവ മണപ്പുറം ഒരുങ്ങി; ഗതാഗത നിയന്ത്രണം ഇന്ന് വൈകീട്ട് മുതല്‍

ആലുവ:വിശ്വാസികള്‍ ഇന്ന് ശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.
വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ശിവരാത്രി അനുഷഠിക്കുന്നതിലൂടെയുള്ള വിശ്വാസം.

സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച്‌ ഒരുക്കിയിരിക്കുന്നത്

പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ എത്തുന്ന ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് ആരംഭിക്കുന്ന ഭക്തജന പ്രവാഹം കുംഭത്തിലെ അമാവാസിയായ വ്യാഴാഴ്ചയും തുടരും. ഇന്ന് രാത്രി നടക്കുന്നതു ശിവരാത്രി ബലിയും വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്നതു കുംഭത്തിലെ വാവുബലിയുമാണ്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 6നു ലക്ഷാര്‍ച്ചന, പിതൃപൂജ, പശുദാനം, കൂട്ടനമസ്‌കാരം, സായൂജ്യ പൂജ, തിലഹവനം, രാത്രി 12നു ശിവരാത്രി വിളക്ക്, എഴുന്നള്ളിപ്പ്. തുടര്‍ന്നാണ് ബലിതര്‍പ്പണം.

ക്ഷേത്രകര്‍മങ്ങള്‍ക്കു മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 116 ബലിത്തറകള്‍ക്കു സ്ഥലം നീക്കിവച്ചിട്ടുണ്ട്. ബലിതര്‍പ്പണത്തിനു ദേവസ്വം ബോര്‍ഡ് നിരക്ക് 75 രൂപയാണ്. അപ്പവും അരവണയും വഴിപാടു കൗണ്ടറുകളില്‍ നിന്ന് 50 രൂപ നിരക്കില്‍ ലഭിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ആഘോഷം. ഭക്തജനങ്ങള്‍ക്കു 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. രാത്രി ഉറക്കമൊഴിയുന്നവര്‍ക്കു ദേവസ്വം ബോര്‍ഡ് ലഘുഭക്ഷണം നല്‍കും. കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും കെഎസ്‌ആര്‍ടിസിയും രാത്രി സ്‌പെഷല്‍ സര്‍വീസ് നടത്തും.

ഗതാഗത നിയന്ത്രണം ഇന്ന് വൈകീട്ട് മുതല്‍

ശിവരാത്രിയോട് അനുബന്ധിച്ച്‌ 26നു വൈകീട്ട് 4 മുതല്‍ 27നു ഉച്ചയ്ക്ക് 2 വരെ ആലുവയില്‍ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ 12 ഡിവൈഎസ്പിമാരും 30 ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്തി പൊലീസിനെ നിയോഗിക്കും.

മണപ്പുറത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി ടൗണ്‍ ഹാളിനു സമീപവും താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് ഉണ്ടാകും. 26നു രാത്രി 8 മുതല്‍ പാലസ് റോഡില്‍ ബാങ്ക് കവല മുതല്‍ മഹാത്മാഗാന്ധി ടൗണ്‍ ഹാള്‍ വരെ വാഹന ഗതാഗതം നിരോധിച്ചു.

തോട്ടയ്ക്കാട്ടുകര ജംഗ്ഷനില്‍ നിന്നു മണപ്പുറത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല. ഹൈവേകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോഡ് സൈഡില്‍ വാഹന പാര്‍ക്കിങ് നിരോധിച്ചു. ആലുവ പാലസിനു സമീപം കൊട്ടാരക്കടവില്‍ നിന്നു മണപ്പുറത്തേക്കു കടത്തുവഞ്ചി സര്‍വീസ് പാടില്ല. 26നു രാത്രി 10 മുതല്‍ പിറ്റേന്നു രാവിലെ 10 വരെ തൃശൂര്‍ ഭാഗത്തു നിന്നുള്ള ഹെവി വാഹനങ്ങള്‍ അങ്കമാലിയില്‍ നിന്നു തിരിഞ്ഞ് എംസി റോഡിലൂടെ പോകണം. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള ഹെവി വാഹനങ്ങള്‍ കളമശേരിയില്‍ തിരിഞ്ഞു കണ്ടെയ്‌നര്‍ റോഡ് വഴി അത്താണി ജംഗ്ഷനിലൂടെ പോകണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker