കൊച്ചി: ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രദേശവാസി. പുലർച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ഒരാള്‍ കുട്ടിയെയും കൊണ്ടു പോകുന്നത് കണ്ടു.
തുടർന്ന് അടുത്തുള്ള രണ്ടുപേരെയും കൂട്ടി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും പ്രദേശവാസി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി
പ്രദേശവാസിയുടെ വാക്കുകൾ ഇങ്ങനെ: ‘‘രണ്ടേകാലിന് എഴുന്നേറ്റു ജനൽ തുറന്നപ്പോൾ ഒരു നിലവിളി കേട്ടു. നോക്കുമ്പോൾ വീട്ടിൽ നിന്ന് അൽപം മാറി ഒരാൾ കുട്ടിയെയും കൊണ്ടു പോകുന്നതു കണ്ടു. അടുത്ത വീടുകളിലെ കുട്ടികളൊന്നും അല്ലെന്നു അപ്പോൾ തന്നെ മനസ്സിലായി.
തുടർന്ന് അടുത്തുള്ളവരെ എല്ലാം വിളിച്ച് പരിശോധിച്ചു. മഴയുടെ ശബ്ദത്തിൽ ഒന്നും വ്യക്തമായിരുന്നില്ല. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ഒരു കുട്ടി ഓടി വരുന്നു. കുട്ടിയുടെ ശരീരത്തിൽ വസ്ത്രം ഒന്നും ഉണ്ടായിരുന്നില്ല. ഏകദേശം 9 വയസ്സുള്ള കുട്ടിയാണ്. ഞാനും കൂടെയുള്ള രണ്ടു പേരും കൂടി കുട്ടിയെയും കൂട്ടി ഇവരുടെ വീട്ടിലേക്കു പോയി. പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു. പൊലീസ് എത്തി അപ്പോൾ തന്നെ കുട്ടിയെ മെഡിക്കൽകോളജിലേക്കു കൊണ്ടു പോയി.’’– പ്രദേശവാസി വ്യക്തമാക്കി.