കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ഡലം പിടിച്ചെടുക്കാന്‍ കച്ചകെട്ടി ബി.ജെ.പി. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കുമെങ്കിലും കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തല്‍ പാര്‍ട്ടിക്ക് പ്രതീക്ഷ ഏറെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തിരെഞ്ഞെടുപ്പിലും ബിജെപിക്ക് മുപ്പതിനായിരത്തില്‍ അധികം വോട്ടുകള്‍ കിട്ടിയ മണ്ഡലമാണിത്. രണ്ടു പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ സാധിച്ചതും പാര്‍ട്ടിക്ക് പ്രതീക്ഷയേകുന്നു.
അല്‍ഫോന്‍സ് കണ്ണന്താനം എംപി, മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിവരെയാണു കാഞ്ഞിരപ്പള്ളിയിലേക്ക് ബിജെപി പരിഗണിക്കുന്നത്. മണിമല സ്വദേശിയും മുന്‍പ് കാഞ്ഞിരപ്പള്ളി എംഎല്‍എയും കോട്ടയം കളക്ടറുമായിരുന്ന കണ്ണന്താനത്തിനാണു പ്രഥമ പരിഗണ.
എന്നാല്‍ മത്സരിക്കാനുള്ള താല്‍പര്യത്തിലല്ലെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമെ സ്ഥാനാര്‍ഥിയാകൂ എന്നും കണ്ണന്താനം വ്യക്തമാക്കി. പൂഞ്ഞാര്‍ സ്വദേശിയായ ജേക്കബ് തോമസ് കാഞ്ഞിരപ്പള്ളി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളില്‍ ഒന്നില്‍ മത്സരിക്കാന്‍ ഒരുക്കമാണ്.
2016ല്‍ ബിജെപിയുടെ വി.എന്‍. മനോജ് കാഞ്ഞിരപ്പള്ളിയില്‍ 31,411 വോട്ടുകളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ 36,000 വോട്ടുകളും നേടിയിരുന്നു. ഇത്തവണ മനോജ്, എന്‍. ഹരി, ജെ. പ്രമീളാദേവി, നോബിള്‍ മാത്യു എന്നിവരും സംസ്ഥാനഘടകത്തിന്റെ പട്ടികയിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക ഡല്‍ഹിയില്‍ പ്രഖ്യാപിക്കും.