NationalNews

‘ഫ്‌ളവര്‍ അല്ല ഫയര്‍’ എന്നെഴുതിയ ഹൂഡി ധരിച്ചിറങ്ങിയ സൂപ്പര്‍ താരത്തെ ഒരു രാത്രി ജയിലില്‍ കിടത്തി തെലുങ്കാന പോലീസ്‌,അല്ലു അര്‍ജുന്‍ കിടന്നത് സാധാരണസെല്ലില്‍

ബംഗളൂരു: ശതകോടി പ്രതിഫലം വാങ്ങുന്ന ആരാധകര്‍ ഏറെയുള്ള അല്ലു അര്‍ജുന് തെലുങ്കാനയില്‍ കിട്ടിയത് വെറും സാധാരണ പൗരന് കിട്ടുന്ന പരിഗണനകള്‍ മാത്രം. സൂപ്പര്‍താരത്തെ ഒരു ദിവസം ജയിലില്‍ കിടത്താന്‍ തെലുങ്കാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി. ‘പുഷ്പ 2’ സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ അറസ്റ്റിലായ അല്ലു അര്‍ജുന്‍ ഒരു രാത്രി മുഴുവന്‍ ജയിലില്‍ തുടര്‍ന്നു. ഒടുവില്‍ പുലര്‍ച്ചെ മോചനവും.

തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് രാത്രി വൈകി മാത്രം എത്തിയ പശ്ചാതലത്തിലാണ് ജയിലില്‍ തങ്ങേണ്ടിവന്നത്. ജയിലിന് മുന്നില്‍ ആരാധകരുടെ വന്‍ നിരയാണ്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലാണ് അല്ലു കഴിഞ്ഞത്‌. ഇടക്കാല ജാമ്യ ഉത്തരവ് ചഞ്ചല്‍ഗുഡ ജയില്‍ സൂപ്രണ്ടിന് ലഭിച്ചത് വൈകിയാണ്. തടവുപുള്ളികളെ രാത്രി വൈകി മോചിതരാക്കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ല. വേണമെങ്കില്‍ പ്രത്യേക പരിഗണനകളിലൂടെ വിട്ടയക്കാം. ജാമ്യ ഉത്തരവും മറ്റും ചര്‍ച്ചയായ സാഹചര്യത്തില്‍ അതെല്ലാം വേണമെങ്കില്‍ ചെയ്യാം. എന്നാല്‍ സാധാരണ തടവ് പുള്ളിക്കുള്ള ആനുകൂല്യം മാത്രമാണ് അല്ലു അര്‍ജുന് കിട്ടിയത്.

അതിനാലാണ് രാത്രി മുഴുന്‍ ജയിലില്‍ കഴിയേണ്ടിവന്നത്. രാവിലെത്തന്നെ ജയില്‍ മോചനമുണ്ടായി. ജയിലിലെ എ1 ബാരക്കിലാണ് അല്ലു കഴിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ജയിലിന്റെ റിസപ്ഷനില്‍ ടാസ്‌ക് ഫോഴ്‌സ് പോലീസിന്റെ കസ്റ്റഡിയിലാണ് അല്ലു ഉണ്ടായിരുന്നത്. പിന്നീട് സെല്ലിലേക്ക് മാറ്റി. ജാമ്യം കിട്ടയതോടെ ജയിലിന് മുന്നിലുണ്ടായിരുന്ന അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് തിരിച്ച് വീട്ടിലേക്ക് മടങ്ങി. അതേസമയം മറ്റു ആരാധകര്‍ തടിച്ചുകൂടി. ഇതുകൊണ്ടാണ് അല്ലുവിനെ ജയിലിലെ പുറകിലത്തെ വാതിലിലൂടെ പുറത്തേക്ക് വിട്ടത്. ഇതോടെ ആരാധക ആവേശവും നടന് കാണാന്‍ കഴിയാതെ പോയി.

കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇത് തെലുങ്കാന പോലീസിന് വലിയ തിരിച്ചടിയാകുകയും ചെയ്തു. കോടതി വീണ്ടും ചേരും മുമ്പേ അതിരാവിലെ തന്നെ മോചിപ്പിച്ചതും കൂടുതല്‍ നിയമ പോരാട്ടം പ്രതീക്ഷിച്ചാണ്. അതിനിടെ അല്ലുവിനെ രാത്രി ജയിലില്‍ അടച്ചതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ് അല്ലു അര്‍ജുന്റെ വസതിയിലെത്തിയാണ് തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികള്‍ക്കിടെ ഏറെ വൈകാരികമായരംഗങ്ങളും അരങ്ങേറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിനായി പോലീസ് സംഘം വീട്ടിലെത്തിയസമയത്ത് അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഭാര്യ അല്ലു സ്‌നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരിഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവരും സംഭവസമയം നടന്റെ കൂടെ വീട്ടിലുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുതീരുന്നത് വരെ പോലീസ് സംഘം കാത്തിരുന്നു. ഇതിനുശേഷമാണ് നടനുമായി പോലീസ് സംഘം സ്റ്റേഷനിലേക്ക് പോയത്. അങ്ങനെ കിടപ്പുമുറിയില്‍ നിന്നും കൊണ്ടു പോയ അല്ലു അര്‍ജുനെ ഒരു ദിവസം ജയിലില്‍ കിടത്തുകയായിരുന്നു സര്‍ക്കാര്‍ എന്ന വാദം ഉയരുന്നുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പകയാണ് ഇതിന് കാരണമെന്ന വാദവും ശക്തം.

പോലീസ് സംഘത്തിനൊപ്പം പോകുന്നതിന് മുന്‍പ് ഭാര്യ സ്‌നേഹ റെഡ്ഡിക്ക് അല്ലു അര്‍ജുന്‍ ചുംബനം നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടകാര്യമില്ലെന്നും നടന്‍ പറഞ്ഞു. കാപ്പി കുടിച്ചതിന് പിന്നാലെ ഇനി പോകാം സര്‍ എന്നുപറഞ്ഞാണ് അല്ലു അര്‍ജുന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം നടന്നുനീങ്ങിയത്. ഇതിനിടെ താങ്കള്‍ ആവശ്യപ്പെട്ടതെല്ലാം തങ്ങള്‍ മാനിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ നടന്‍ ഇതിനുമറുപടി നല്‍കുകയും ചെയ്തു. നിങ്ങള്‍ ഒന്നും മാനിച്ചില്ലെന്നും തന്റെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നുമായിരുന്നു നടന്റെ മറുപടി. ” സാര്‍, നിങ്ങള്‍ ഒന്നും മാനിച്ചിട്ടില്ല. എനിക്ക് വസ്ത്രം മാറണമെന്നും എന്റെ കൂടെ ഒരാളെകൂടി അയക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ എന്നെ കൊണ്ടുപോകുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ, എന്റെ കിടപ്പുമുറിയിലേക്ക് വരെ വരുന്നത് വളരെ കൂടുതലായിപ്പോയി”, അല്ലു അര്‍ജുന്‍ പറഞ്ഞു.

പുഷ്പ സിനിമയിലെ ഡയലോഗായ ‘ഫ്‌ളവര്‍ അല്ല, ഫയറാണ്’ എന്നെഴുതിയ ഹൂഡി ധരിച്ചാണ് അല്ലു അര്‍ജുന്‍ പോലീസ് സംഘത്തിനൊപ്പം മടങ്ങിയത്. ഇതിനിടെ അച്ഛന്‍ അരവിന്ദ് പോലീസ് വാഹനത്തില്‍ നടനൊപ്പം കയറാന്‍ ശ്രമിച്ചെങ്കിലും നടന്‍ തന്നെ ഇത് തടഞ്ഞു. അതിനിടെ, പിന്നീട് പോലീസ് സംഘത്തിനൊപ്പം മറ്റൊരു വേഷം ധരിച്ച് അല്ലു അര്‍ജുന്‍ ലിഫ്റ്റില്‍ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നടന്‍ തിയേറ്ററിലെത്തുന്ന വിവരം തങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അല്ലു അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്. ഇതേ കേസില്‍ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയെ സമീപിക്കുകയുംചെയ്തു. ഇതു മനസ്സിലാക്കിയായിരുന്നു അറസ്റ്റ്. വേഗത്തില്‍ റിമാന്‍ഡ് ചെയ്തെങ്കിലും ഹൈക്കോടതി ഇടക്കാല ജാമ്യവും അനുവദിച്ചു. തിക്കിലും തിരക്കിലും മരിച്ച യുവതിയുടെ കുടുംബത്തിന് നടന്‍ ധനസഹായവും വാഗ്ദാനംചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker