പൗരത്വ നിയമഭേദഗതി:മുഖ്യമന്ത്രി രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ യോഗം വിളിക്കുന്നു
തിരുവനന്തപുരം:പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ക്കുന്നു. ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കുന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യാവകാശത്തിനും മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണെന്ന് ഇതു സംബന്ധിച്ച് രാഷ്ട്രീയ-സംഘടനാ നേതാക്കള്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമഭേദഗതിക്കെതിരെ തിരുവനന്തപുരത്ത് യോജിച്ച സത്യഗ്രഹം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയണം. പൗരത്വ നിയമഭേദഗതിയില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള യോജിപ്പ് ഉയര്‍ന്നുവരണം. ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനാണ് യോഗം വിളിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.